വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായതതിലെ 1, 23 വാർഡുകളിൽ ഉൾപ്പെടുന്ന ശൂലപാണി ജംഗ്ഷൻ മുതൽ ചാപ്പക്കടവ് വരെയുള്ള തീരദേശ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡിലെ കുഴിയിൽ വഞ്ചി ഇറക്കി സമരം നടത്തി. കാലങ്ങളായി മെറ്റൽ വിരിച്ചിട്ടും റോഡ് പണി വൈകുന്നതിന് പൊതുമരാമത്ത് മതിയായ ഒരു വിശദീകരണവും നൽകുന്നില്ല. റോഡ് നിർമ്മാണം എപ്പോൾ നടത്തുമെന്നതിനെക്കുറിച്ചും അധികാരികൾ മൗനം പാലിക്കുന്നു. മഴയത്ത് വെള്ളക്കെട്ടും റോഡിലെ കുഴികളും അപകടം ക്ഷണിച്ചു വരുത്തുകയാണ്.യൂത്ത് കോൺഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം മണ്ഡലം പ്രസിഡന്റ് കെ.എച്ച്. നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്വാതിഷ് സത്യൻ, ബിജു കണ്ണങ്ങനാട്ട്, സിനോജ് കുമാർ, ലിഗീഷ് സേവ്യർ, വിശാഖ് അശ്വിൻ തുടങ്ങിയവർ പ്രസംഗിച്ചു.