ആലുവ: കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനുള്ള തിയതി നീട്ടണമെന്ന ആവശ്യം ശക്തം. ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്നവർ മാർച്ച് 31നകം പുതുക്കണമെന്ന് മോട്ടോർ വകുപ്പ് അറിയിച്ചിരുന്നു. ലോക്ക് ഡൗൺ കാരണം ഭൂരിഭാഗം പേർക്കും അനുവദിച്ച ഇളവ് ഉപയോഗിക്കാനായിട്ടില്ല.

സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒ ഓഫീസുകളിലും ഇത്തരത്തിലുള്ള അപേക്ഷകൾ കെട്ടിക്കിടക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതിനാൽ പലർക്കും ലൈസൻസ് പുതുക്കാനായില്ല. ഇനി ലൈസൻസ് കിട്ടണമെങ്കിൽ ടെസ്റ്റ് പാസാകണം. ലൈസൻസ് കാലാവധി കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിലാണെങ്കിൽ അപേക്ഷാ ഫീസും പിഴയും അടച്ചാൽ ലൈസൻസ് പുതുക്കി നൽകും. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം കഴിയുന്നതിന് മുമ്പേ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.

പുതിയ കേന്ദ്ര നിയമഭേദഗതിയിൽ ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മാത്രമേ പിഴ നൽകി പുതുക്കാൻ കഴിയുകയുള്ളൂ. ഒരുവർഷം കഴിഞ്ഞാൽ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവർഷം കഴിഞ്ഞാൽ ലേണേഴ്‌സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം എന്നതായിരുന്നു വ്യവസ്ഥകൾ. മാർച്ച് 31 കഴിഞ്ഞതോടെ ഇതെല്ലാം പഴയ ലൈസൻസുള്ളവർ ചെയ്യണം. ഇതിലാണ് സർക്കാർ ഇളവ് അനുവദിച്ചത്. അപേക്ഷകർ പലരും പല ജില്ലകളിലായി ലോക്ക്ൺ ഡൗൺ കാരണം കുടുങ്ങിക്കിടക്കുകയാണ്. പലരും ക്വാറെെന്റനിലും വിദേശത്തുമാണ്. ഇതെല്ലാം പരിഗണിച്ച് തിയതി നീട്ടണമെന്നാണ് അപേക്ഷകരുടെ ആവശ്യം.