നെടുമ്പാശേരി: 'വന്ദേഭാരത് മിഷൻ' മൂന്നാംഘട്ടത്തിൽ ഗൾഫ്, ഓസ്‌ട്രേലിയ, യൂറോപ്പ് മേഖലകളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ കൊച്ചിയിലെത്തും. കൂടാതെ 14 പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും വരും.

21 വരെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 15 വിമാനങ്ങൾ അബുദാബി, സലാല, ദോഹ, കുവൈറ്റ്, ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തും.

11,13,20 തീയതികളിൽ സിംഗപ്പൂരിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെത്തും. സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകളുമുണ്ടാകും. 23നാണ് സിഡ്‌നിയിൽ നിന്ന് ഡൽഹി വഴി കൊച്ചി വിമാനം. 29നാണ് വിയറ്റ്‌നാം സർവീസ്.

• 14 ചാർട്ടർ വിമാനങ്ങൾ

ജൂൺ 10 മുതൽ 18വരെയാണ് 14 ചാർട്ടർ വിമാനങ്ങൾ വരിക. കമ്പനികൾ, വിദേശ മലയാളികളുടെ കൂട്ടായ്മകൾ ട്രാവൽ ഏജൻസികൾ എന്നിവയാണ് ഇവയ്ക്ക് പിന്നിൽ.

ഈ വിമാനങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചാൽ മൂവായിരത്തിലധികം പ്രവാസികൾക്ക് ഈയാഴ്ച തന്നെ നാട്ടിലെത്താനാകും.

അൾജീരിയ, ഘാന, താജിക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേയ്ക്ക് സർവീസുകൾ ചാർട്ടർ ചെയ്തിട്ടുണ്ട്. എത്ര ചാർട്ടർ വിമാനങ്ങൾ വന്നാലും സൗകര്യമൊരുക്കാൻ സിയാൽ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്.