ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ റിലയൻസ് ജിയോയിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി 5,683.5 കോടി രൂപ നിക്ഷേപിച്ചു. രണ്ട് മാസങ്ങൾക്കിടെ ഓഹരി പങ്കാളിത്തം നൽകി റിലയൻസ് സമാഹരിക്കുന്ന തുക ഇതോടെ 97,885.65 കോടി രൂപയായി.
ലോകത്തെ ഏറ്റവും വലിയ വെൽത്ത് ഫണ്ടുകളിലൊന്നാണ് അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി.
റിലയൻസ് ജിയോയുടെ സാധ്യതകൾ കണ്ടാണ് ലോകത്തെ പ്രമുഖ നിക്ഷേപക സ്ഥാപനങ്ങൾ മുതലിറക്കുന്നത്. ചുരുങ്ങിയ കാലയളവിൽ ഫേസ് ബുക്ക് ഉൾപ്പടെ എട്ട് സ്ഥാപനങ്ങൾ ഭീമമായ നിക്ഷേപം റിലയൻസിൽ നടത്തി.
നിക്ഷേപം ലോക റെക്കാഡ്
രണ്ട് മാസത്തിനുള്ളിൽ ഒരു കമ്പനി 97,885.65 കോടി രൂപ നിക്ഷേപം സമാഹരിക്കുന്നത് ആഗോള തലത്തിൽ തന്നെ ഇതാദ്യം. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയിൽ വൻവളർച്ചയുണ്ടാകുമെന്നാണ് ഇവരുടെയെല്ലാം വിലയിരുത്തൽ. അതിൽ റിലയൻസ് ജിയോ വമ്പിച്ച നേട്ടമുണ്ടാക്കുമെന്നും. റിലയൻസിന്റെ 21 ശതമാനം ഓഹരി മൊത്തം വിദേശ നിക്ഷേപത്തിനായി കൈയൊഴിഞ്ഞു.
കൊവിഡിനെ തുടർന്ന് ലോകം സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്നതിനിടെയാണ് ബിസിനസ് സാമ്രാജ്യങ്ങളെ അമ്പരിപ്പിച്ച് ഈ വമ്പിച്ച നിക്ഷേപം റിലയൻസ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഡിജിറ്റൽ സാദ്ധ്യതകളുടെയും സാങ്കേതിക ശേഷിയുടെയും വികസന സാദ്ധ്യതകളുടെയും അംഗീകാരം കൂടിയായി ഈ നിക്ഷേപം.
അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി
ലോകത്തെ ഒന്നാം നിര നിക്ഷേപക സ്ഥാപനം. 82,800 കോടി ഡോളറിന്റെ സമ്പത്ത്. അബുദാബി എമിറേറ്റിന്റെ ഉടമസ്ഥത.