കൊച്ചി: എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷനിലും പരിസരത്തുമായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കുന്നതിന് രണ്ട് ആഴ്ച വേണ്ടിവരുമെന്ന് ഡിവിഷൻ കൗൺസിലർ ദീപക് ജോയ് പറഞ്ഞു. കഴിഞ്ഞ 30 വർഷത്തെ മാലിന്യമാണ് ഇത്. ഏതാണ്ട് 250 ലോഡ് മാലിന്യമാണ് ഇവിടെയുള്ളത്. കഴിഞ്ഞ ശനിയാഴ്‌ച മുതലാണ് മാലിന്യനീക്കം ആരംഭിച്ചത്. ആദ്യ ദിവസം 9 ലോഡും സമ്പൂർണ്ണ ലോക്ക്ഡൗണായ ഞായറാഴ്ച 17 ലോഡും മാലിന്യം ബ്രഹ്മപുരത്തേക്ക് മാറ്റി. മാലിന്യങ്ങൾ നീക്കംചെയ്യണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട് .നഗരത്തിലെ പല ഭാഗങ്ങളിലുള്ളവർ ഇവിടം മാലിന്യശേഖരണ കേന്ദ്രമാക്കി മാറ്റി. ജെ.സി.ബി ഉപയോഗിച്ച് നിരവധി ലോറികളിലാണ് മാലിന്യകൂമ്പാരം ബ്രഹ്മപുരത്തേക്ക് നീക്കുന്നത്. മാലിന്യനീക്കം പൂർത്തിയായാൽ ഭൂമി മതിൽകെട്ടി സംരക്ഷിക്കുമെന്ന് റെയിൽവേ അറിയിച്ചു. ടെൻഡർ നടപടികൾ ആരംഭിച്ചതായി റെയിൽവേ ഏരിയ മാനേജർ നിതിൻ റോബർട്ട് അറിയിച്ചു. അതേസമയം റെയിൽവേയുടെ രണ്ടു കിലോ മീറ്റർ സ്ഥലം പത്ത് അടി ഉയരത്തിൽ മതിലുകെട്ടി സംരക്ഷിച്ചാൽ മാത്രമേ ഈ പ്രദേശത്തെ മാലിന്യത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് ദീപക് രാജു പറഞ്ഞു.