കൊച്ചി: മിനി ചരക്ക് വാഹന ഡ്രൈവറുടെ ആക്രമണത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർക്ക് പരിക്കേറ്റു. മുൻ വികസന കാര്യസ്ഥിരംസമിതി അദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ എ.ബി. സാബുവിനാണ് മർദ്ദനമേറ്റത്. ചരക്ക് വാഹനവുമായി വെള്ളക്കെട്ട് നിവാരണ ജോലികൾ നടക്കുന്ന സ്ഥലത്തേക്ക് ബാരിക്കേഡ് മറികടന്ന് എത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. സാബു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മിനി ലോറിയുടെ ഡ്രൈവർ നെട്ടൂർ കുഴിവേലിപ്പറമ്പിൽ അൻസാറി (28) നെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 12.30 ന് തൈക്കൂടം പള്ളിക്ക് സമീപമുള്ള റോഡിലായിരുന്നു സംഭവം. മെട്രോ സ്റ്റേഷന് സമാന്തരമായുള്ള ഓട അറ്റകുറ്റപ്പണിക്കായി ഇതുവഴിയുള്ള ഗതാഗതം ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിരുന്നു. ഈ സമയം വാഹനവുമായി വന്ന അൻസാർ വണ്ടി നിർത്തിയ ശേഷം ബാരിക്കേഡ് മാറ്റാൻ ആവശ്യപ്പെട്ട് തുടർച്ചയായി ഹോൺ മുഴക്കി. ഏറെ നേരം കഴിഞ്ഞിട്ടും ബാരിക്കേഡ് മാറ്റാതായപ്പോൾ പ്രകോപിതനായ ഇയാൾ വാഹനത്തിൽ നിന്നിറങ്ങി ബാരിക്കേഡ് സ്വയം മാറ്റി വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചു. റോഡിൽ കാനയുടെ ജോലികൾ ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേർക്ക് വാഹനം ഇടിച്ചുകയറ്റാനും ശ്രമിച്ചു.


ഇതു കണ്ട് സ്ഥലത്തുണ്ടായിരുന്ന കൗൺസിലർ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്. വണ്ടിക്കുള്ളിൽ ഉണ്ടായിരുന്ന സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് സാബുവിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇതോടെ കെ.എം.ആർ.എൽ ജോലിക്കാരും പ്രദേശവാസികളും ചേർന്ന് ഡ്രൈവറെ തടഞ്ഞുവച്ചു.തുടർന്ന് പൊലീസിന് കൈമാറി.