പെരുമ്പാവൂർ: ഓൾസ് വല്ലം റോഡിൽ റയോൺപുരം പാലം പുനർനിർമ്മിക്കുന്നതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. സംസ്ഥാനത്ത് അപകടാവസ്ഥയിലായ പാലങ്ങൾ പുനർനിർമ്മിക്കുന്ന 168 പാലങ്ങളുടെ പട്ടികയിൽ റയോൺപുരം പാലത്തെയും സർക്കാർ ഉൾപ്പെടുത്തിയിരുന്നു.വല്ലം നിവാസികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാലം എന്നതിനപ്പുറം നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോൾ ഈ പാലം ഉപയോഗപ്പെടുത്തി വല്ലം,ചൂണ്ടി ഭാഗങ്ങളിലൂടെ സഞ്ചരിക്കുവാനും ഈ റോഡാണ് ഉപകരിക്കുന്നത്.

#പുനർനിർമ്മാണം

കലുങ്കിന്റെ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ റയോൺപുരം പാലം പുനർ നിർമ്മിക്കുന്നതിന് 2.57 കോടി രൂപയാണ് ഭരണാനുമതി. പതിനെട്ട് മീറ്റർ നീളത്തിലും ഒൻപത് മീറ്റർ വീതിയിലുമാണ് പാലം പുനർനിർമ്മിക്കുന്നത്. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ ഒരു വശത്ത് നടപാതയോടെയാണ് പാലം നിർമ്മിക്കുക. പാലത്തിന്റെ സാങ്കേതികാനുമതി കഴിഞ്ഞ ദിവസമാണ് ലഭ്യമായത്.

#റയോൺപുരം പാലം

അൻപത് വർഷത്തിന് മേൽ പഴക്കമുള്ള പാലമാണ് റയോൺപുരം പാലം. അക്കാലത്ത് റയോൺസ് കമ്പനിയിലേക്ക് പോയിരുന്ന റോഡാണ് ഓൾഡ് വല്ലം റോഡ്.വർഷങ്ങൾക്ക് മുമ്പേ പാലത്തിന്റെ അടിഭാഗത്തെ കല്ല് തകർന്നിരുന്നു. തുടർന്ന് പ്രദേശത്തെ യുവാക്കളുടെ സംഘടനയായ പൈതൃക സംരക്ഷണ സമിതി അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് പാലത്തിൽ ഗർത്തം രൂപപ്പെട്ടത്. ഇരുചക്രമൊഴിച്ച് ഭാരവാഹനങ്ങൾ പോകാതായതോടെ പാലം അടച്ചിരുന്നു.തുടർന്ന് രാഷട്രീയപരമായി നിരവദി വിവാദങ്ങൾക്കും വാക്‌പോരുകൾക്കും പാലത്തിന്റെ പുനർനിർമ്മാണത്തിന് വഴിവച്ചു.