കോലഞ്ചേരി: ലോക്ക് ഡൗണിൽ സഡൻ ബ്രേക്കിടേണ്ടിവന്നു. ഇളവുകൾ പ്രാബല്യത്തിൽ വന്നപ്പോഴും ജീവിതം മുന്നോട്ട് ഉരുട്ടാനുള്ള ഗിയർ മാറ്റാനായില്ല. ഇപ്പോൾ മൂന്ന് മാസം പിന്നിട്ടു. ഇനിയും ക്ലച്ച് പിടിക്കാനാവതെ ബുദ്ധിമുട്ടുകയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും. ഡ്രൈവിംഗ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ഇതുവരെ അനുമതി ലഭിക്കാത്തതാണ് തിരിച്ചടിയായത്. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾ ഓടാതെ കിടക്കുകയാണ്. ഇതിനോടകം ബാറ്ററി, ടയർ ഉൾപ്പെടെയെല്ലാം നശിച്ചു തുടങ്ങി. മൂന്നു മാസമായി സ്ഥാപനങ്ങൾ അടച്ചിട്ടതോടെ കമ്പ്യൂട്ടറുകൾ അടക്കം കേടായി. ഡ്രൈവിംഗ് പഠനത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാഹന എൻജിനും അനുബന്ധ പാർട്സുകളും തുരുമ്പെടുത്തു.
വേനൽ അവധിക്കാലമാണ് ഡ്രൈവിംഗ് പഠിക്കാൻ കൂടുതൽ ആളുകൾ എത്തുന്നത്. ഈ അവധിക്കാലത്ത് കൂടുതൽ വിദ്യാർത്ഥികൾ എത്തുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു പല ഡ്രൈവിംഗ് സ്കൂളുകളും. എന്നാൽ കൊവിഡ് വ്യാപനം പ്രതികളെല്ലാം തകർത്തു. ജില്ലയിൽ 500ലധികം ഡ്രൈവിംഗ് സ്കൂളുകളിലായി 1500 ജീവനക്കാരാണുള്ളത്. അതേസമയം, ലോക്ക് ഡൗണിൽ ജീവനക്കാർക്ക് രണ്ടു മാസത്തെ ശമ്പളം ഭൂരിഭാഗം ഉടമകളും നൽകി. വാടക, വാഹന ലോൺ, വൈദ്യുതിബിൽ, ഇന്റർനെറ്റ് ബിൽ എന്നിവയും ഡ്രൈവിംഗ് സ്‌കൂളുകൾ അടഞ്ഞുകിടക്കുന്ന ഈ സമയത്ത് ഉടമകൾ നൽകി വരികയാണ്. ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുമ്പ് ലേണേഴ്‌സ് എടുത്തവർക്ക് ഡ്രൈവിംഗ് പഠിച്ച് പൂർത്തിയാക്കാനും സാധിച്ചിട്ടില്ല.
കൂൾ കോളജ് അവധിക്കാലമാണ് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രധാന പ്രവർത്തന കാലം, ലോക്ക് ഡൗണിൽ ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. സർക്കാർ അടിയന്തിരമായി ഇടപെട്ട് ഡ്രൈവിംഗ് സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തന അനുമതി ലഭ്യമാക്കണം.
അലി അക്ബർ,
ജില്ലാ പ്രസിഡന്റ് ,
ആൾ കേരള ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ
സ്വയം തൊഴിലായി കണ്ട് മേഖല തിരഞ്ഞെടുത്തവരാണ് അധികവും. ഒന്നോ രണ്ടോ വാഹനം വായ്പയായി വാങ്ങി ഡ്രൈവിംഗ് പഠിപ്പിക്കുക വഴി ജീവിതം കഷ്ടിച്ച് കടന്നു പോകുന്നതിനിടയിലാണ് ഇടിത്തീ പോലെ കൊവിഡ് വ്യാപനമുണ്ടായത്. മറ്റ് തൊഴിൽ മേഖലയെ പോലെ ക്ഷേമ നിധിയോ മറ്റ് ആനുകൂല്യമോയില്ല.ഒരു വിദ്യാർത്ഥിയെ വച്ചെങ്കിലും സ്കൂൾ പ്രവർത്തിക്കാൻ അനുവദിക്കണം.
പി.എം റഷീദ്
ഹെൽപ്പ് ലൈൻ ഡ്രൈവിംഗ് സ്കൂൾ
മൂവാറ്റുപുഴ