തൃക്കാക്കര : പ്രളയഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയും കളക്ടറേറ്റ് ജീവനക്കാരനുമായിരുന്ന വിഷ്ണു പ്രസാദിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ഇന്നലെ എറണാകുളത്തെ ക്രൈം ബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജ രേഖ ചമച്ച കേസിലാണ് അറസ്റ്റ്. ടി.ആർ. 5' രസീതിന് പകരമായി വിഷ്ണു പ്രസാദ് തെയ്യാറാക്കിയ രസീത് ഉപയോഗിച്ച് 89,57,302 ലക്ഷം രൂപ തട്ടിയെടുത്തതായി കളക്ടർ നിയോഗിച്ച വകുപ്പുതല അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്മേൽ
എ.ഡി.എം. കെ. ചന്ദ്രശേഖരൻ നായർ നൽകിയ പരാതിലാണ് വിഷ്ണുവിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ തൃക്കാക്കര സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയശേഷം ഹിൽ പാലസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് വിഷ്ണുവിനെ വീട്ടിലും കലക്ടറേറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. ശേഷം കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണങ്ങൾക്കായി വിഷ്ണുവിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും.
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു 89,57,302 ലക്ഷം രൂപ കാണാതായ സംഭവത്തിൽ എറണാകുളം കലക്ടറേറ്റിലെ 10 ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ നിർണ്ണായകമായ ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സാങ്കേതിക കാരണങ്ങളാൽ ഗുണഭോക്താക്കൾ കളക്ടറേറ്റിൽ തിരിച്ചടച്ച തുക ഉൾപ്പടെ ആകെ 1,00,86,600 രൂപയുടെ വെട്ടിപ്പാണ് വിഷ്ണുവിന്റെ നേതൃത്വത്തിൽ നടത്തിയത്.അതിൽ അയ്യനാട് ബാങ്കിലെത്തിയ പണം അടക്കം 11,29,289 രൂപ തിരികെ ലഭിച്ചത് ഒഴികെ 89,57,302 ലക്ഷം രൂപയുടെ വെട്ടിപ്പിനെക്കുറിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിൽനിന്ന് ധനസഹായം ലഭിച്ച ദുരിതബാധിതർ സാങ്കേതിക പിഴവിന്റെ പേരിൽ തിരിച്ചടച്ച തുകയിലാണ് പ്രധാനമായും തിരിമറി നടന്നിട്ടുള്ളത്.
ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10,54,000 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെയാണ് വിഷ്ണു പ്രസാദ് ആദ്യം അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസമാണ് ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നു.