മൂവാറ്റുപുഴ : സഹോദരിയുടെ കാമുകനായ യുവാവിനെ ബൈക്കിലെത്തി മൂവാറ്റുപുഴ പോസ്റ്റോഫീസ് ജംഗ്ഷനിൽ കഴുത്തിന് വെട്ടിവീഴ്ത്തിയ സംഭവത്തിലെ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതി കറുകടം ഞാഞൂൽകോളനിയിൽ കടിഞ്ഞോലിൽ ബേസിൽ എൽദോസും (20), ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനുമാണ് അറസ്റ്റിലായത്.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ പണ്ടിരിമല തടിലക്കുടിപ്പാറയിൽ അഖിൽ (19) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മാസ്‌കു വാങ്ങിയ അഖിൽ കൂട്ടുകാരനുമൊത്ത് തിരികെ പോകേ ബൈക്കിൽ സുഹൃത്തുമൊത്ത് എത്തിയ ബേസിൽ വെട്ടിവീഴ്ത്തുകയായിരുന്നു. പതിനേഴുകാരനെ ഞായറാഴ്ച രാത്രിയും ബേസിലിനെ ഇന്നലെ വൈകിട്ട് അഞ്ചോടെയുമാണ് അറസ്റ്റുചെയ്തത്. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും.
ബേസിലിന്റെ സഹോദരിയും അഖിലും പ്ലസ്ടുവിന് ഒന്നിച്ച് പഠിച്ചപ്പോഴുണ്ടായ സൗഹൃദം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ഈ ബന്ധത്തെ ബേസിൽ എതിർത്തിരുന്നു. പലവട്ടം തർക്കങ്ങളും കയ്യാങ്കളിയും ഉണ്ടായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിരുന്നു ആക്രമണം.
വെട്ടേറ്റ അഖിൽ കുറച്ചുദൂരം ഓടിയെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവംകണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ബൈക്കിന്റെ പിന്നിൽ കയറി ബേസിൽ രക്ഷപെട്ടു. പരിക്കേറ്റ അഖിലിനെ നാട്ടുകാർ ആദ്യം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
അക്രമത്തിനുശേഷം മണിക്കൂറുകൾക്കുള്ളിൽ പതിനേഴുകാരനെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ബേസിൽ രാത്രി മുഴുവൻ കോതമംഗലത്തെ സ്വകാര്യവ്യക്തിയുടെ കപ്പത്തോട്ടത്തിൽ ഒളിച്ചിരുന്നു. ഇന്നലെ രാവിലെ കറുകടത്തെ ബന്ധുവീട്ടിലെത്തി. എന്നാൽ ദൃശ്യമാദ്ധ്യമങ്ങളിലൂടെ വാർത്ത പരന്നതോടെ ബന്ധുവീട്ടിൽ കഴിയാൻ സാഹചര്യമില്ലാതായി. തുടർന്ന് ചാലിക്കടവിന് പാലത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചു. രഹസ്യവിവരം കിട്ടിയ പൊലീസ് വൈകുന്നേരത്തോടെ ഇവിടെ നിന്ന് ബേസിലിനെ പിടികൂടുകയായിരുന്നു.