കിഴക്കമ്പലം:പുക്കാട്ടുപടി ചെമ്പറക്കി റോഡിന്റെ ഭാഗമായ മലയിടംതുരുത്ത് ബാവപ്പടിയിൽ റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായി. മഴ കനത്തതോടെ റോഡിൽ നിരവധി വലിയ കുഴികൾ രൂപപ്പെട്ടു. ഇതോടെ പെരുമ്പാവൂരിൽനിന്ന് പുക്കാട്ടുപടി വഴി എറണാകുളത്തേക്കുള്ള ഗതാഗതം ദുസഹമായി.റോഡിനിരുവശങ്ങളിൽ താമസിക്കുന്നവരിൽനിന്ന് റോഡിനു വീതി കൂട്ടുന്നതിനുള്ള സ്ഥലം ഏറ്റെടുത്ത് അഞ്ചര മീറ്ററായിരുന്ന റോഡ് ഏഴ് മീറ്ററിൽ ടാറിംഗ് നടത്താനായി കിഴക്കമ്പലത്തെ ട്വന്റി 20 യാണ് കരാറെടുത്തിരുന്നത്. ഇനി എന്ന് റോഡ് നിർമാണം പുനരാരംഭിക്കുമെന്നു പറയാൻ പറ്റാത്ത അവസ്ഥയിലുമായി. റോഡ് നിർമാണം തടഞ്ഞ നടപടിയിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
#അനിശ്ചിതത്വത്തിലായത് ടാറിംഗ് തടഞ്ഞതിനാൽ
ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പായി റോഡിന്റെ ബി.എം,ബി.സി നിലവാരത്തിലുള്ള ടാറിംഗ് ചെമ്പറക്കിയിൽ നിന്ന് ആരംഭിച്ച് മലയിടംതുരുത്ത് നടക്കാവ് വരെ പൂർത്തിയാക്കിയിരുന്നു.എന്നാൽ കഴിഞ്ഞ മേയ് 11ന് ടാറിംഗ് പുനരാരംഭിച്ചപ്പോൾ മലയിടംതുരുത്തിൽ ഒരുകൂട്ടം പ്രാദേശിക നേതാക്കൾ ടാറിംഗ് തടഞ്ഞതാണ് അനിശ്ചിതത്വത്തിലായത്.ഇതോടെ കരാറുകാർ മഴയ്ക്കുമുമ്പ് പൂർത്തിയാക്കാനിരുന്ന നിർമാണം നിർത്തിവച്ചു.