കൊച്ചി : തന്റെ പാർട്ടിക്ക് സ്വന്തമായി പൊലീസും കോടതിയും ഉണ്ടെന്നു വിവാദപരമാർശം നടത്തിയ എം. സി. ജോസഫൈനെ വനിതാ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്തു തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ് നൽകിയ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. 2018ൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തക പാർട്ടിക്കു നൽകിയ പരാതിയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോഴാണ് ജോസഫൈൻ ഇക്കാര്യം പറഞ്ഞത്. തനിക്ക് വനിതാകമ്മിഷനിലും ഇന്ത്യൻ നീതിന്യായ സംവിധാനത്തിലും വിശ്വാസമില്ലെന്നാണ് പ്രസ്താവനയിലൂടെ ജോസഫൈൻ പറഞ്ഞതെന്നും ആനിലയ്ക്ക് പദവിയിൽ തുടരാൻ അനുവദിക്കരുതെന്നുമായിരുന്നു ലതിക സുഭാഷിന്റെ വാദം. എന്നാൽ സംസ്ഥാനസർക്കാരും വനിതാകമ്മിഷനും ഇതിനെ എതിർത്തു. നിയമനം നൽകുന്ന സമയത്ത് അയോഗ്യത ഉണ്ടെങ്കിലാണ് ക്വോവാറന്റോ (പദവിയിൽ തുടരുന്നതു തടയൽ) ഹർജി നിലനിൽക്കൂവെന്ന് സർക്കാർ വാദിച്ചു. നിയമനത്തിനുശേഷം പദവിയിൽനിന്ന് നീക്കാൻ സർക്കാരിനാണ് അധികാരം. ഇതിനായി ഹർജിക്കാരി പരാതി നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.