chellanam
ചെല്ലാനം പുത്തൻതോട് കടലിൽ ഇറങ്ങി ബി.ജെ.പി പ്രതിഷേധിക്കുന്നു

കൊച്ചി: മാനാശേരി മുതൽ ചെല്ലാനം വരെ കടൽഭിത്തി ശക്തമല്ലാത്ത ഭാഗങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്നും ജനങ്ങളുടെ ദുരിതം നീക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടും ചെല്ലാനം പുത്തൻതോടു കടലിൽ ഇറങ്ങി നിന്ന് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസമരം നടത്തി. പ്രതിഷേധ സമരം ബി.ജെ.പി.ചെല്ലാനം പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എസ്. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.ചെല്ലാനം പഞ്ചായത്തിൽ മാനാശേരി മുതൽ തെക്കേ ചെല്ലാനം വരെ കടൽഭിത്തി ശക്തമല്ലാത്തതിനാൽ കടൽവെള്ളം കയറി ധാരാളം വീടുകൾ നശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ചെല്ലാനം ഗ്രാമവാസികളുടെ ദുരിതം മാറ്റാൻ സർക്കാർ അടിയന്തിര പ്രാധാന്യം നൽകി കടൽഭിത്തി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി. കൊച്ചി മണ്ഡലം വൈസ് പ്രസിഡന്റ് പി.പി. ശിവദത്തൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.മുൻ മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ. വിശ്വനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറി ആന്റണി ലെയ്‌സൻ, കർഷകമോർച്ച ജില്ലാ സെക്രട്ടറി.കെ.പി. കൃഷ്ണദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് എ.വി. ഗോപി തുടങ്ങിയവർ പങ്കെടുത്തു.