-laptop

കൊച്ചി: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ് ഇപ്പോൾ ഓണ്‍ലൈന്‍ വിപണിയില്‍. ഓണ്‍ലൈന്‍ വില്പന പ്ലാറ്റ്ഫോമായ ആമസോണിലാണ് ലാപ്‌ടോപ്പ് വില്പനക്കെത്തിയിരിക്കുന്നത്. രണ്ട് മോഡലുകളാണ് ആമസോണില്‍ ലഭ്യമായിരിക്കുന്നത്. കോക്കോണിക്സിന്റെ വെബ്സൈറ്റില്‍ നിന്ന് പ്രീഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

ആകെ എട്ട് മോഡലുകളാണ് കോക്കോണിസ് പുറത്തിറക്കിയിരിക്കുന്നത്. കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ആണ് ആമസോണിലുള്ള ഒരു മോഡല്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന് 8 ജിബി റാമും 1 ടിബി ഹാര്‍ഡ് ഡിസ്‌കുമാണുള്ളത്.ഇന്റല്‍ ഡ്യുവല്‍ കോര്‍ ഐ3 ആണ് പ്രൊസസറിൽ വരുന്ന ഈ മോഡലിന് 29250 രൂപയാണ് വില. കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ഡബ്ല്യു ആണ് മറ്റൊരു മോഡല്‍. ഇത് പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടുത്തിയ മോഡലായ ഇതിന് വില 35680 രൂപയാണ്.

ഈ വര്‍ഷം ജനുവരി മുതല്‍ ലാപ്പ് ടോപ്പ് പുറത്തിറങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്. മറ്റു കമ്പനികളുടെ ലാപ്‌ടോപ്പിനെക്കാള്‍ വിലകുറവാണെന്നതാണ് കോക്കോണിക്‌സിന്റെ നേട്ടം. ഈ വര്‍ഷം രണ്ടര ലക്ഷം ലാപ്ടോപ്പ് നിര്‍മിക്കുകയാണ് കോക്കോണിക്‌സിന്റെ ലക്ഷ്യം.