cheenavala
ചീനവല

വൈപ്പിൻ: മത്സ്യസമൃദ്ധിക്ക് പേരുകേട്ടയിടമാണ് മുനമ്പത്തെ കാപ്പ്. ശരാശരി 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇവിടെ നിന്നും മീൻപിടിക്കാൻ പ്രതിവർഷ കരാറായി പഞ്ചായത്ത് ഈടാക്കിയിരുന്നത്. എന്നാൽ ഈ വർഷം ലേലം കൊണ്ടത് നേർ പകുതിക്ക്. മത്സ്യലഭ്യത കുറഞ്ഞതാണ് തിരിച്ചടിയായത്. അഴിമുഖത്ത് നിന്നും കാപ്പിലേക്ക് ചെളി അടിഞ്ഞു കൂടിയതാണ് മത്സ്യലഭ്യത ഗണ്യമായി കുറയാൻ കാരണം. കാപ്പിൽ മാത്രമല്ല പൊയിലിന്റേയും അവസ്ഥ ഇതുതന്നെ. ഇവിടെ വഞ്ചിയിൽ പോലും മത്സ്യബന്ധനം സാദ്ധ്യമല്ല.

പൊയിലിനെ ആശ്രയിച്ച് നിരവധി മത്സ്യത്തൊഴിലാളികളാണ് കഴിയുന്നത്. നിലവിലെ പ്രതിസന്ധി ഈ കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. പൊയിലിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് മുനമ്പം-കൊടുങ്ങല്ലൂർ അഴിമുഖം. ഇവിടെ മണൽ വാരുന്നതിന് സർക്കാർ അംഗീകൃത മണൽഷട്ടറുണ്ട്. മണൽ വാരുന്നതിനിടെ അവശേഷിക്കുന്ന ചെളിയും മറ്റും ഒഴുക്കികായലിൽ വന്നു ചേരും. വേലിയേറ്റത്ത് ഇവ കായലിന് സമാന്തരമായി കിടക്കുന്ന പൊയിലിലേക്ക് വന്നടിയുകയാണ് ചെയ്യുന്നത്. കാപ്പിലും പൊയിലിലും ചെളി നിറഞ്ഞിരിക്കുകയാണ്. ചെളി നീക്കം ചെയ്ത് പൊയിലിനേയും കാപ്പിനെയും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

കാപ്പും പൊയിലും

ചെറായി ബീച്ചിന് സമാന്തരമായി കിടക്കുന്ന ചെറിയ കായലാണ് പൊയിൽ. മുനമ്പം കോൺവെന്റ് ഭാഗം മുതൽ തെക്ക് വരെ നല്ല വീതിയിലുള്ള കായലിന്റെ ഒരു ഭാഗമാണ് കാപ്പ്. ഒരു കാലത്ത് പൊയിലിലും കാപ്പിലും പുഴമീനുകളാൽ സമൃദമായിരുന്നു. കാപ്പിന്റെ നടത്തിപ്പ് അവകാശം പഞ്ചായത്തിനാണ്. ഓരോ വർഷവും കാപ്പ് ലേലത്തിൽ വയ്ക്കും. ഇത് പഞ്ചായത്തിന്റെ വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു.

ലോക്ക് ഡൗണിൽ അഴിമുഖത്തെ മണൽഷട്ടർ പ്രവർത്തിക്കുന്നില്ല. ചെളി കൂടുതലായി എത്താൻ കാരണം ഇതാണ്. വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.കെ രാധാകൃഷ്ണൻ

പ്രസിഡന്റ്

പള്ളിപ്പുറം പഞ്ചായത്ത്