വൈപ്പിൻ: കൊവിഡ്-19 നെതിരെ നിശബ്ദമായി പോരാടുന്നവർക്ക് അഭിനന്ദനവുമായി വൈപ്പിൻ ബേക്കറി അസോസിയേഷനും എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ്‌ കേഡറ്റ്‌ യൂണിറ്റും. ഞാറക്കൽ പൊലീസും നന്മ ഫൗണ്ടേഷനും ചേർന്ന് പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌ക്കരിച്ച സാദരം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ സേവനം കാഴ്ചവെച്ച ശുചീകരണത്തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ എന്നിവരെയാണ് ആദരിച്ചത്.എടവനക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.യു ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. പി. ആർ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പൊലീസ്‌ കേഡറ്റ് പദ്ധതിയുടെ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ പി.എസ് ഷാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ നടേശൻ, ഞാറക്കൽ എസ്.ഐവി.എസ്. സൗമ്യൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ആന്റണി സാബു, ബേക്കേഴ്‌സ് അസോസിയേഷൻ പ്രതിനിധി മുഹമ്മദ് റംലി, ഹെൽത്ത് ഇൻസ്‌പെക്ടർ സി.സജി എന്നിവർ സംബന്ധിച്ചു.