 ചാർജ് വർദ്ധന : നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണം

കൊച്ചി/ തിരുവനന്തപുരം : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ കൂട്ടിയ ബസ് ചാർജ് വെട്ടിക്കുറച്ച ഉത്തരവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഇക്കാലയളവിൽ കൂട്ടിയ നിരക്കിൽ സർവീസ് നടത്താൻ അനുമതി നൽകി.

നിരക്ക് കുറച്ചതിനെതിരെ ആൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി ജോൺസൺ പയ്യപ്പിള്ളി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. ഹർജിക്കാരന്റെ നിവേദനം ഫെയർ റിവിഷൻ കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ പരിഗണിച്ച് സർക്കാരിന് ശുപാർശ നൽകണമെന്നും തുടർന്ന് രണ്ടാഴ്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പെർമിറ്റ് പ്രകാരം യാത്രക്കാരെ അനുവദിക്കാതെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താൻ നിർബന്ധിക്കുന്നത് അനീതിയാണ്. നിയന്ത്രണങ്ങളിൽ ഇളവു നൽകുമ്പോൾ ബസ് സർവീസ് ഉൾപ്പെടെയുള്ള സേവന ദാതാക്കളുടെ സാമ്പത്തിക താത്പര്യവും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. ഹർജി ജൂലായ് 13ന് വീണ്ടും പരിഗണിക്കും.

ലോക്ക് ഡൗണിൽ യാത്രാനുമതി പ്രഖ്യാപിച്ചപ്പോൾ ബസ് ചാർജ് വർദ്ധിപ്പിച്ച് മേയ് 19ന് ഉത്തരവിറക്കിയിരുന്നു. നിന്നുള്ള യാത്രയ്ക്ക് വിലക്കും ഒരു സീറ്റിൽ ഒരാൾ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു നിർക്ക് വർദ്ധന. ഒരു സീറ്റിൽ രണ്ടുപേരെ അനുവദിച്ചതോടെ നിരക്ക് വർദ്ധന പിൻവലിച്ച് ജൂൺ രണ്ടിന് ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജി.

ഒരു സീറ്റിൽ രണ്ടു പേരെ അനുവദിച്ചതോടെയാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ വാദിച്ചു. എന്നാൽ ഇപ്പോഴും പെർമിറ്റനുസരിച്ച് യാത്രക്കാരെ അനുവദിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ശിക്ഷാ നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി നിരക്ക് കൂട്ടില്ല

വിധിയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കില്ല. ബസുടമകൾ കൂടിയ നിരക്ക് ഈടാക്കിയാൽ തടയാനുമാകില്ല. നിരക്ക് വർദ്ധന പിൻവലിച്ച തീരുമാനമാണ് കോടതി സ്‌റ്റേ ചെയ്തത്. അതേസമയം, സ്വകാര്യ ബസ് ഓടിക്കില്ലെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പീൽ നൽകും

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തീരുമാനം സർക്കാർ റദ്ദാക്കിയിട്ടില്ല. യാത്രക്കാരുടെ ഭാഗം കോടതി പരിഗണിച്ചില്ല. ഉത്തരവിന്റെ പകർപ്പ് കിട്ടിയാലുടൻ അപ്പീൽ നൽകും. നിരക്ക് വർദ്ധിപ്പിക്കുന്നതിന് എതിരല്ല. ബസുടമകളുടെ ആവശ്യങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടാണ് ചാർജ് വർദ്ധന പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിച്ചത്.