കൊച്ചി: ശബരിമലയടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ദർശനത്തിനുള്ള അനുമതി 30 വരെ നീട്ടിവയ്ക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. കൂടിയാലോചനകളില്ലാതെ ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗം വിലയിരുത്തി.
# ശബരിമലയിൽ സാമൂഹിക അകലം സാദ്ധ്യമല്ല
ശബരിമലയിൽ രോഗ വ്യാപനത്തിനു സാദ്ധ്യത കൂടുതലാണ്.
അകലം പാലിച്ചുകൊണ്ട് പരസ്പര സ്പർശമില്ലാതെ പതിനെട്ടാം പടി കയറി ദർശനം നടത്തുക പ്രായോഗികമല്ല.
രോഗവ്യാപനമുണ്ടായാൽ അതു ക്ഷേത്രങ്ങൾക്കെതിരെ ആയുധമാക്കുവാനും, ക്ഷേത്രങ്ങൾ അടച്ചുപൂട്ടുവാനും, ഹിന്ദുക്കളെ അടച്ചാക്ഷേപിക്കാനുമുള്ള ഗൂഢതന്ത്രമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് വിട്ടത്. പക്ഷേ വർദ്ധിച്ചു വരുന്ന രോഗവ്യാപനം കണക്കിലെടുക്കാതെയും ഹൈന്ദവ ആചാര്യന്മാരുമായി ആലോചിക്കാതെയും ഡോക്ടർമാരുടെ ഉപദേശങ്ങൾക്ക് വിരുദ്ധമായും സംസ്ഥാന സർക്കാരും ദേവസ്വം ബോർഡുകളും ചേർന്ന് ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി .
സ്വാമി ചിദാനന്ദപുരി(കൊളത്തൂർ അദ്വൈതാശ്രമം), സ്വാമി അയ്യപ്പദാസ്, പി .ആർ.കൃഷ്ണകുമാർ (എ.വി.പി കോയമ്പത്തൂർ)
ടി.ബി.ശേഖർ(ശബരിമല അയ്യപ്പ സേവാസമാജം ദേശീയ അദ്ധ്യക്ഷൻ ) അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് (ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അദ്ധ്യക്ഷൻ), എസ്.ജെ.ആർ.കുമാർ ( ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ) നാരായണ വർമ്മ
(പന്തളം കൊട്ടാരം നിർവാഹക സമിതി), വി.എൻ.അനിൽകുമാർ (വിളക്കിത്തല നായർ സഭ), അഡ്വ. സതീഷ് .ടി.പത്മനാഭൻ
(കേരള വിശ്വകർമ സഭ), എൻ.കെ.നീലകണ്ഠൻ മാസ്റ്റർ (കെ.പി.എം.എസ്. മുൻ പ്രസിഡന്റ്), കെ.പി.ശശികല ടീച്ചർ (ഹിന്ദു ഐക്യവേദി),എം. സത്യശീലൻ (അഖില കേരള ഹിന്ദു സാംബവർ മഹാസഭ), സുബ്രഹ്മണ്യൻ മൂസത് (ആൾ ഇന്ത്യ ബ്രാഹ്മിൺ ഫെഡറേഷൻ), ബലരാമൻ ബി.ആർ (വിശ്വഹിന്ദു പരിഷത്), പ്രൊഫ. കൃഷ്ണവർമ്മരാജ (കേരള ക്ഷേത്രസംരക്ഷണ സമിതി), കെ.വി.ശിവൻ (അഖിലഭാരത വീരശൈവ മഹാസഭ), ആർ.എസ്.മണിയൻ (തമിഴ് വിശ്വകർമ്മ സമൂഹം) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.