കൊച്ചി: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ പിടിപ്പത് പണിയിലാണ് അദ്ധ്യാപകർ. പഠനശൈലി മാറിയതോടെ പുതു ചുവടുവയ്ക്കാൻ ആദ്യം സ്വയം പഠിക്കണം, പിന്നെ പഠിപ്പിക്കണം എന്ന സ്ഥിതിയായി. സർക്കാർ സ്കൂളുകൾ വിക്ടേഴ്‌സ് ചാനലിലൂടെ ലൈവ് ക്ലാസുകൾ ആരംഭിച്ചപ്പോൾ വാട്‌സ് ആപ്പിലും സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവ വഴിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
നിരവധി തവണ അദ്ധ്യാപകർക്ക് മുൻകൂർ പരിശീലനം നൽകിയിരുന്നെങ്കിലും പഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണ്. മുമ്പ് പാഠഭാഗം വായിച്ച് നോട്ട്സുകൾ തയ്യാറാക്കി വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്ന സ്ഥലത്ത് സ്ഥതിഗതികൾ മാറി. കണ്ണൊന്നു തെറ്റിയാൽ ശ്രദ്ധപോവുന്ന വിദ്യാർത്ഥികളെ കമ്പ്യൂട്ടറിനും ടി.വിയ്ക്കും മുമ്പിൽ പിടിച്ചിരുത്തുന്നതിൽ തുടങ്ങി പഠനകാര്യങ്ങളിൽ വരെ ചുമതല അദ്ധ്യാപകരുടെ ചുമലിലാണ്.
പഠിപ്പിക്കാൻ 24മണിക്കൂർ പോര
ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾക്ക് കൃത്യമായി കുട്ടികൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഓൺലൈൻ ക്ലാസുകൾക്ക് ഒടുവിൽ നിർദ്ദേശിക്കുന്ന പാഠപഠ്യേതര പ്രവൃത്തികൾ കുറിച്ചെടുത്ത് വാട്‌സ്ആപ്പ് പോലുള്ള നവമാദ്ധ്യമങ്ങളിലൂടെ കുട്ടികൾക്ക് നൽകണം. വൈദ്യുതി മുടക്കം, ഇന്റർനെറ്റ് തകരാർ തുടങ്ങിയ കാരണങ്ങളാൽ ക്ലാസ് മുടങ്ങിയാൽ അന്നത്തെ പാഠഭാഗത്തിന്റെ സംക്ഷിപ്ത രൂപം തയാറാക്കി അയക്കണം. വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പാഠപഠ്യേതര പ്രവൃത്തനങ്ങൾ വാട്‌സ്ആപ്പിലൂടെയും മറ്റും തിരികെ വാങ്ങി അവ പരിശോധിച്ച് തെറ്റുതിരുത്തി വീണ്ടും അയക്കണം. ഇങ്ങനെ നിരവധി ജോലികളാണ് അദ്ധ്യാപകർക്ക് ചെയ്തു തീർക്കാനുള്ളത്. പാഠഭാഗങ്ങളിലെ സംശയം തീർക്കാൻ വിദ്യാർത്ഥികളുടെ വിളിയും ഇതിനിടെയെത്തും.സി.ബി.എസ്.ഇ. സ്കൂളുകളിലെ അദ്ധ്യാപകർ ടൈംടേബിൾ നൽകി ഓൺലൈനായി പഠിപ്പിക്കുകയാണ്. എന്നാൽ ഇതിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ വീഡിയോയായി അയച്ചു കൊടുക്കുകയും വേണം. വാട്‌സ് ആപ്പ് വഴി പാഠഭാഗങ്ങൾ നൽകുകയും ചെയ്യണം.
സമയം തികയുന്നില്ല.
നേരത്തെ 40 മിനുട്ട് സമയംകൊണ്ട് ചെയ്ത് തീർത്തിരുന്ന അദ്ധ്യയന ജോലികൾക്ക് ഇപ്പോൾ ദിവസം മുഴുവൻ മതിയാകാത്ത അവസ്ഥയാണ്. പഠന മാർഗം മാറിയതോടെ കുട്ടികൾ കൃത്യമായി പഠഭാഗങ്ങൾ പഠിക്കുന്നുണ്ടെന്നും പറഞ്ഞു കൊടുക്കുന്നവ മനസിലാകുന്നുണ്ടൊയെന്നും അറിയാൻ സാധിക്കുന്നില്ല.
അമ്പിളി
മലയാളം അദ്ധ്യാപിക