കോലഞ്ചേരി: ലോക്ക് ഡൗണിനു ശേഷം ഭക്ഷണശാലകൾ തുറക്കുന്ന സാഹചര്യത്തിൽ കൊവിഡ് വ്യാപനം തടയുന്നതിനും സ്ഥാപനങ്ങളിലെ ശുചിത്വനിലവാരം വിലയിരുത്തുന്നതിനുമായി പൂത്തൃക്കയിൽ ആരോഗ്യവിഭാഗം പരിശോധന തുടങ്ങി. മാസങ്ങളായി അടച്ചിട്ടിരുന്നതും ഭാഗികമായി പ്രവർത്തിച്ചു വന്നിരുന്നതുമായ ഹോട്ടലുകളുടെ പാചകശാലകൾ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിന് അത്യാവശ്യമായ ശുചിത്വ നിർദേശങ്ങൾ ഉദ്യോഗസ്ഥർ സ്ഥാപന ഉടമകൾക്ക് നൽകി.
മാസങ്ങളായി ഭക്ഷണമാലിന്യം നീക്കം ചെയ്യാതെയും പൊട്ടിപ്പൊളിഞ്ഞ് രോഗാണു സംക്രമണസാദ്ധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള അടുക്കളയുമായും കോലഞ്ചേരി മെഡിക്കൽ കോളേജിനു സമീപം പ്രവർത്തിച്ചുവന്ന ഹോട്ടലിന് ഉദ്യേഗസ്ഥർ നോട്ടീസ് നൽകി. അനുവദിച്ച സമയത്തിനകം നിർദേശങ്ങൾ പൂർത്തീകരിച്ച ശേഷമേ ഹോട്ടലിന് സാനിട്ടേഷൻ സർട്ടിഫിക്കറ്റും ലൈസൻസും അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലുകൾക്ക് കൊവിഡ് പ്രതിരോധ നിർദേശങ്ങളും നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ. സതീഷ്‌കുമാർ , സജീവ്, എസ്. നവാസ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു
നിർദേശങ്ങൾ
# ഭക്ഷണശാലകൾ ദിവസവും അണുനശീകരണം നടത്തണം
# സാമൂഹ്യഅകലം പാലിച്ച് ഇരിപ്പിടങ്ങൾ ക്രമീകരിക്കണം
# പാകംചെയ്ത ഭക്ഷണം ജീവനക്കാർ സ്പർശിക്കരുത്
# പാത്രങ്ങളും ഗ്ലാസുകളും തിളച്ച വെള്ളത്തിൽ മുക്കി വൃത്തിയാക്കണം
# സ്ഥാപനത്തിൽ മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കണം