കൊച്ചി: നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒഴിവാക്കിയതു പുന:പരിശോധിക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംബന്ധിച്ചു സർക്കാർ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു. വിഷയത്തിൽ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
നാട്ടിലേക്കു മടങ്ങിയെത്തുന്നവർക്കു ഹോം ക്വാറന്റൈൻ മതിയെന്ന തീരുമാനം കടുത്ത പ്രത്യാഘാതമുണ്ടാക്കും.
ജൂൺ ഏഴു വരെ 49,065 പ്രവാസികളാണ് മടങ്ങിയെത്തിയത്. ഇതിൽ 12,719 പേരെ മാത്രമാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. കൊവിഡിന്റെ കുടുംബവ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒളിച്ചോടുകയാണ്.
കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് ഇന്നു തീരുമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിൽ കക്ഷികളുടെ എണ്ണം കുറയുമെന്നു കരുതുന്നവർ നിരാശരാകും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു സംബന്ധിച്ചു യു.ഡി.എഫ് തലത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.