കൊച്ചി :മദ്യ വിൽപ്പനയ്ക്ക് ബെവ് ക്യൂ ആപ്പ് തയ്യാറാക്കാനുള്ള കരാർ ഫെയർകോഡ് ടെക്നോളജീസിനു നൽകിയതിനെതിരായ ഹർജിയിൽ സർക്കാരിനു നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കരാർ കമ്പനിയെ തിരഞ്ഞെടുക്കാനായി വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ ഇന്റർവ്യൂവിന്റെ വിവരങ്ങൾ നശിപ്പിക്കരുതെന്നും, കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് കമ്പനിയായ ടീബിസ് മാർക്കറ്റിംഗ് സമർപ്പിച്ച ഹർജിയിൽ സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. സർക്കാർ, ബിവറേജസ് കോർപ്പറേഷൻ, സ്റ്റാർട്ട് അപ്പ് മിഷൻ തുടങ്ങിയവയാണ് എതിർ കക്ഷികൾ..ഹർജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
സംസ്ഥാന ഐ.ടി മിഷന്റെ മാർഗനിർദ്ദേശങ്ങൾ മറികടന്നാണ് ഫെയർകോഡ് ടെക്നോളജീസിൽ നിന്ന് മൊബൈൽ ആപ്പ് വാങ്ങിയതെന്നും ,കരാർ ഇൗ കമ്പനിക്കു നൽകാൻ നടപടിക്രമങ്ങൾ പ്രഹസനമാക്കിയെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഇന്റർവ്യൂവും പരിശോധനയും നടത്തിയത് സ്റ്റാർട്ട് അപ്പ് മിഷനിലെ താല്കാലിക ജീവനക്കാരനാണ്.ഹർജി തീർപ്പാകുന്നതുവരെ കരാർ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.