കോലഞ്ചേരി: കാമുകിയുമായി ചാറ്റ് ചെയ്തതിന് കാമുകനും കൂട്ടുകാരും പതിനേഴുകാരനെ വീട്ടിലെത്തി മുത്തശ്ശിയുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലു പേർ പിടിയിൽ. മർദ്ദന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ മൂന്നാൾക്കും പ്രായപൂർത്തിയായിട്ടില്ല. ഇവരെ ഇന്നലെ തന്നെ ജാമ്യത്തിൽ വിട്ടയച്ചു. നാലാമൻ മറ്റക്കുഴി കുന്നേൽവീട്ടിൽ നിബിൻ നോബൽ (20) പുത്തൻകുരിശ് പൊലീസ് കസ്റ്റഡി​യി​ലാണ്.

ചോറ്റാനി​ക്കരയി​ൽ പ്ളസ് ടൂവി​ന് പഠി​ച്ചി​രുന്ന സംഘത്തി​ൽ ഒരാളുടെ കാമുകി​യുമായി​ മർദ്ദനമേറ്റയാൾ സൗഹൃദമുണ്ടാക്കി​യതും ചാറ്റിംഗ് നടത്തുകയും ചെയ്തതാണ് അക്രമത്തി​ന് കാരണമായത്. മർദ്ദനമേറ്റയാളും അക്രമി​കളും തമ്മി​ൽ മുൻപരി​ചയവുമി​ല്ല. മൂന്നു ദി​വസം മുമ്പ് പുത്തൻകുരി​ശ് മോനിപ്പിള്ളിയിലാണ് സംഭവം.

തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലിരുന്ന പതിനേഴുകാരന്റെ മൊഴിയെടുത്ത ശേഷമായി​രുന്നു അറസ്റ്റ്. മുഖത്തിടിച്ച് വീഴിച്ച ശേഷം മൂന്നുപേർ സമീപത്ത് കിടന്ന വടിയെടുത്ത് കാൽ തല്ലിയൊടിയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. നാലാമനാണ് ഫോണി​ൽ സംഭവം ഷൂട്ട് ചെയ്തത്. തല്ല് മതിയാക്കി പോകുന്നവരിൽ ഒരാൾ മുത്തശ്ശി ഉണ്ടായതിനാൽ നിന്നെ കൊല്ലാതെ വിടുന്നു, അടുത്ത പണി നിനക്ക് നടുറോഡിലാണെന്ന് വെല്ലുവിളിച്ചുമാണ് മടങ്ങുന്നത്.

ഇന്നലെ രാവിലെയാണ് ഫേസ് ബുക്കിൽ അക്രമി സംഘത്തെ അധികൃതരുടെ മുന്നിലെത്തിക്കുക എന്ന തലക്കെട്ടോടെ വീഡി​യോ പോസ്റ്റ് ചെയ്തത്.

അടി കൊണ്ടയാൾ തൃശൂർ റെയിൽവേ പൊലീസ് രജിസ്​റ്റർ ചെയ്ത മൊബൈൽ മോഷണ കേസിലും, നാട്ടിൽ നിരവധി ബൈക്ക് മോഷണ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ആടിനെ മോഷ്ടിച്ച കേസിലും ഇയാൾക്കെതിരെ അന്വേഷണമുണ്ട്. അനാഥനായ ഇയാൾ പ്രായമായ മുത്തശ്ശിക്കൊപ്പമാണ് താമസം.

കരുതി കൂട്ടിയുള്ള കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ്. കരി​മുകൾ കോളനി​വാസി​കളാണ് മൂന്ന് പ്രതി​കൾ. നിബിൻ നോബൽ പ്ളംബറാണ്. ഫോർട്ടുകൊച്ചി​ സ്വദേശി​യായ ഇയാൾ മറ്റക്കുഴി​യി​ൽ വാടകയ്ക്ക് താമസി​ക്കുകയാണ്.