പറവൂർ: വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ ഒഴിപ്പിക്കാൻ പുത്തൻവേലിക്കര ഗ്രാമപഞ്ചയാത്ത് ആറ് ഫൈബർ ബോട്ടുകൾ വാങ്ങുന്നു. ഏഴ് പേർ കയറുന്ന നാലും ബോട്ടുകളും അഞ്ചു പേർ കയറുന്ന രണ്ടും ബോട്ടുകളുമാണ് വാങ്ങുന്നത്. അരൂരിലെ സ്ഥാപനത്തിൽ നിന്നും ബോട്ടുകൾ വാങ്ങാനുള്ള നടപടികൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു പറഞ്ഞു. ബോട്ടിൽ ഘടിപ്പിക്കാനായി മൂന്നു യമഹ എൻജിനുകളും വാങ്ങുന്നുണ്ട്.

#നാലായി തരംതിരിച്ച് ക്യാമ്പുകൾ

പഞ്ചായത്ത് പ്രതിനിധികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. ‌അറുപത് വയസിനു മുകളിലുള്ളവർ, കൊവിഡ് നിരീക്ഷണത്തിലുള്ളവർ, ഗർഭിണികൾ , മറ്റുള്ളവർ എന്നിങ്ങനെ നാലായി തരംതിരിച്ചാണ് ഇത്തവണ ക്യാമ്പുകൾ നടത്തുക

#കർമസമിതി രൂപീകരിച്ചു

വെള്ളപ്പൊക്കമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ ഓരോ വാർഡിൽ നിന്നും പത്ത് പേരെ ഉൾപ്പെടുത്തി 170 പേരുടെ കർമസമിതി രൂപീകരിച്ചു. ദുരിതാശ്വാസ കാമ്പുകൾ ആരംഭിക്കുന്നതിനായി തിരഞ്ഞെടുത്ത പതിനെട്ട് കേന്ദ്രങ്ങളുടെ ശുചീകരണം ഉടനെ നടത്തും. വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായി പഞ്ചായത്തിലെ 35 തോടുകൾ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിച്ചതായും പതിനെട്ട് തോടുകളുടെ ശുചീകരണം നടന്നുവരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

. .