കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാതിരുന്നത് യാത്രാക്കാരെ വലച്ചു. കൊച്ചി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗത്തിൽ കുറച്ചു ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്.

ഇന്നലെ കൊച്ചി നഗരത്തിൽ അൻപതിൽ താഴെ ബസുകൾ മാത്രമാണ് ഓടിയത്. നഗരത്തിനു പുറത്തേക്കുള്ള പ്രധാന റൂട്ടുകളിലും ബസുകൾ ഓടിയില്ല. 230 ബസുകൾ സർവീസ് നടത്താറുള്ള കോതമംഗലം മേഖലയിൽ ഇന്നലെ 50 ബസുകളേ സർവീസ് സനടത്തിയുള്ളൂ.

സ്വകാര്യബസുകൾക്ക് വർദ്ധിച്ച ടിക്കറ്റ് നിരക്ക് ഈടാക്കാമെന്ന് കോടതി ഉത്തരവ് വന്നതോടെ ഇന്നു മുതൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങാനാണ് സാദ്ധ്യത.

ബസുകൾ പാതിവഴിയിൽ

വാഹനസൗകര്യമില്ലാത്ത സമയത്ത് സ്വകാര്യബസുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതും യാത്രക്കാർക്ക് ഇരുട്ടടിയായി.
ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് നിരത്തിലിറങ്ങിയ ബസുകൾ തോന്നിയ പടിയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. പെർമിറ്റ് അനുവദിച്ചു സർവീസ് നടത്തണമെന്ന ചട്ടം പലരും പാലിക്കുന്നില്ല.

എറണാകുളം, കുമ്പളങ്ങി, ചെല്ലാനം, ഇടക്കൊച്ചി, ആലുവ, പെരുമ്പാവൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് ഓടിയിരുന്ന ബസുകൾ പകുതി ദൂരത്തിലേ സർവീസ് നടത്തുന്നുള്ളു.
ബസുകളുടെ എണ്ണം കുറഞ്ഞതോടെ കൊവിഡ് നിബന്ധനകൾ പ്രകാരം സാമൂഹ്യ അകലം പാലിക്കാതെയാണ് യാത്രക്കാർ കയറുന്നത്. തിക്കി കയറുന്നതരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം 60 ഓളം യാത്രാക്കാരുമായി സർവീസ് നടത്തിയ ബസിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നിയമനടപടി സ്വീകരിച്ചിരുന്നു.