കൊച്ചി: കൊച്ചി കോർപ്പറേഷനിലെയും സമീപ നഗരസഭകളിലെയും മാലിന്യങ്ങൾ സംസ്കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ബ്രഹ്മപുരത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട പ്ളാന്റിനെച്ചൊല്ലി വിവാദം അണയുന്നില്ല. പ്ളാന്റ് നിർമ്മാണ കരാർ സർക്കാർ റദ്ദാക്കിയത് ഏകപക്ഷീയമാണെന്ന് കമ്പനി ആരോപണം ആവർത്തിച്ചു. പ്ളാന്റിനെതിരെ ഗൂഢനീക്കങ്ങൾ തുടക്കം മുതൽ ചിലർ നടത്തുന്നതായി റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സമിതിയും ആരോപിച്ചതോടെ വിവാദം വീണ്ടും ചൂടുപിടിച്ചു.

കരാർ റദ്ദാക്കിയ സർക്കാർ നടപടി നിക്ഷേപകർക്ക് കേരളത്തോടുള്ള വിശ്വാസ്യത ഇല്ലാതാക്കുമെന്ന് കരാർ കമ്പനിയായ ജി.ജെ ഇക്കോ പവർ ലിമിറ്റഡ് മേധാവി ജിബി ജോർജ് പറഞ്ഞു. കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ മാർഗമാണ് സർക്കാർ നടപടിയിലൂടെ ഇല്ലാതായത്. നിരവധി തൊഴിൽ അവസരങ്ങൾ നഷ്‌ടമായി.

സർക്കാർ തലത്തിൽ ലഭിക്കേണ്ട വിവിധ അനുമതികൾക്കുണ്ടായ കാലതാമസമാണ് പദ്ധതി വൈകാൻ കാരണം. ഇതുമൂലം സഹകരിക്കാൻ മുന്നോട്ടുവന്ന അന്താരാഷ്ട്ര പങ്കാളികളിൽ പലരും പിൻമാറി. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായിരുന്നെങ്കിലും സർക്കാരിന് ഇതുവരെ പണ ചെലവുണ്ടായിട്ടില്ല.

കമ്പനിയുടെ ബോർഡ് അംഗങ്ങൾ ലോക്ക് ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയതിനാൽ സാമ്പത്തിക ശേഷി കാണിക്കാൻ സാവകാശം നൽകണമെന്ന അഭ്യർത്ഥന സർക്കാർ നിരസിച്ചു. കരാർ റദ്ദാക്കാനുള്ള തീരുമാനം എടുക്കും മുൻപ് കമ്പനിയുടെ ഭാഗം വിശദീകരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടെന്ന് ജിബി ജോർജ് പറഞ്ഞു.

പ്ലാന്റ് നിർമ്മാണത്തിനായി 2016 ൽ കോർപ്പറേഷനുമായി കരാറിൽ ഏർപ്പെട്ട കമ്പനി സാമ്പത്തികഭദ്രത തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയോ പ്രവർത്തനം ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞാണ് സർക്കാർ കഴിഞ്ഞ ഏപ്രിലിൽ കരാർ റദ്ദാക്കിയത്.

.

# അട്ടിമറിക്കാൻ ഗൂഢശ്രമമെന്ന് എഡ്രാക്

ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി അട്ടിമറിക്കാൻ ചില നിക്ഷിപ്തതാത്പര്യക്കാർ തുടക്കം മുതൽ തന്നെ ശ്രമിച്ചു വന്നതായി റെസിഡന്റ്‌സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ (എഡ്രാക് ) ആരോപിച്ചു. ഗുരുതരമായ നഗര മാലിന്യ പ്രശ്‌നത്തിനും ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിനും ശാസ്ത്രീയ പരിഹാരമാണ് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി. അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യയാണ് ബ്രഹ്മപുരത്ത് വൈദ്യുതി പ്ലാന്റിനായി ഉപയോഗിക്കുന്നതെന്ന് എഡ്രാക് പ്രസിഡന്റ് പി. രംഗദാസ പ്രഭു, സെക്രട്ടറി എം.ടി. വർഗീസ് എന്നിവർ പറഞ്ഞു.