plastic
പനങ്ങാട്മാടവനയിൽ സമീപ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന് തളളിയ പ്ളാസ്റ്റ്ക് മാലിന്യം..

മാടവന: നിയമങ്ങളേയും ജനവികാരങ്ങളെയും നോക്കുകുത്തിയാക്കി മാടവനയിൽ പട്ടാപ്പകൽ പൊതുറോഡിൽ പ്ലാസ്റ്റിക്ക് മാലിന്യം വീണ്ടും തള്ളിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കുമ്പളം പഞ്ചായത്തിന്റെയും മരട് നഗരസഭയുടേയും അതിർത്തിയായ മാടവന അണ്ടിപ്പിളളിതോടിന്റെ കിഴക്ക്ഭാഗത്ത് ദേശീയപാതയുടെ സർവീസ് റോഡിലാണ് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് പതിവാക്കിയിട്ടുളളത്.ഇവിടെ ഇതിന് മുൻപ് പ്ലാസ്റ്റിക്ക് നിക്ഷേപത്തിന് തീയിട്ട് പ്രദേശത്ത് പരിഭ്രാന്തിപടരുകയും തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ഇടപെട്ട് തീയണയ്ക്കുകയും ചെയ്തിരുന്നു.അഗ്നിബാധയെത്തുടർന്ന് സമീപത്തെ മരങ്ങളും കത്തിനശിച്ചിട്ടുണ്ട്.തുടർന്ന് പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപംഏതാനും മാസം നിലച്ചു. എന്നാൽ വീണ്ടും ജനങ്ങളുടെ കണ്ണ് വെട്ടിച്ച് മാാലിന്യം തള്ളുന്നത്ആരംഭിച്ചിരിക്കുകയാണ്.

#വീണ്ടും മാലിന്യം

ഒരാഴ്ച തുടർച്ചയായി കൊണ്ടുവന്നിറക്കിയ മാലിന്യനിക്ഷേമാണ് ഇപ്പോൾ വഴിയിൽ കുന്നുകൂടി കിടക്കുന്നത്. കൊവിഡിന്റെ ഭാഗമായുളള ലോക്ക് ഡൗൺ മൂലം വഴിയിൻ പകൽപോലും ആൾസഞ്ചാരമില്ലാത്തത് മുതലെടുത്താണ് ഇത്തരം ഹീനകൃത്യം. പ്ലാസ്റ്റിക്കുകൾ വലിയകൂമ്പാരമാകുമ്പോൾ രാത്രി ആരുംകാണാതെ തീയിടുകയും സമീപമാകെ പ്ലാസ്റ്റിക്ക് പുകയുംഗന്ധവുംമൂലം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവുന്ന തിനും ഇടവരുത്തുന്നു.

#പരാതി നൽകിയിട്ടും നടപടിയില്ല

നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയോ കുറ്റവാളികളെ കണ്ടെത്തി നടപടിയെടുക്കുവാൻ ശ്രമിക്കകയോ ചെയ്യാത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

വിവിധ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന വേസ്റ്റുകൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി കെട്ടുകെട്ടുകളാക്കിയാണ് നീലയും വെളളയും പെയിന്റടിച്ച മുച്ചക്രവാഹനത്തിൽ പകൽ സമയങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.വനിതകർമ്മസേന എന്നെഴുതിയ യൂണിഫോം ധരിച്ചവരും വണ്ടിവലിക്കുന്നവരുടെ കൂട്ടത്തിലുണ്ടന്ന് നാട്ടുകാരിൽചിലർ പറഞ്ഞു.കുമ്പളംപഞ്ചായത്തിന് അത്തരംവാഹനങ്ങളൊ യൂണിഫോറമിട്ടവരോഇല്ലാത്തതിനാൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

#മാലിന്യംതളളുന്നവരെ കണ്ടെത്തണം
കുമ്പളം പഞ്ചായത്ത് അതിർത്തിയിൽ പ്ലാസ്റ്റിക്ക് മാലിന്യംതളളുകയും പിന്നീട് കത്തിച്ച് ജനങ്ങൾക്ക് ബദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നരെ കണ്ടെത്തി അവർക്കെതിരെ നിയമ നടപടിസ്വീകരിക്കണം.

വി.പി.പങ്കജാക്ഷൻ, പനങ്ങാട് റസിഡന്റ്‌സ് അസോ.സോണൽ പ്രസിഡന്റ്

#അടിയന്തര നടപടി സ്വീകരിക്കും
പഞ്ചായത്ത് അതിർത്തിയിൽ മുമ്പ് ഇതു പോലെ മാലിന്യംതളളിയത് വാണിംഗ് കൊടുത്ത് നിർത്തിയതായിരുന്നു. അതേ പാർട്ടിതന്നെയാണ് വിണ്ടും ആവർത്തിക്കുന്നതെന്ന് ബോധയപ്പെട്ടാൽ അടിയന്തരമായി നടപടി സ്വീകരിക്കും.മാടവനയിൽ മാലിന്യനിക്ഷേപം നിരോധിച്ചുകൊണ്ട് കുമ്പളം പഞ്ചായത്ത് ഉടൻ പരസ്യബോർഡ് സ്ഥാപിക്കും.

സീതാചക്രപാണി,കുമ്പളം പഞ്ചായത്ത് പ്രസിഡന്റ്.