തൃക്കാക്കര : പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ് അന്വേഷിക്കാൻ നിയോഗിച്ച വകുപ്പുതല കമ്മിഷൻ ഇന്ന് കളക്ടറേറ്റിലെത്തി തെളിവെടുപ്പ് തുടങ്ങും. ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണർ എ. കൗശികനാണ് അന്വേഷണ സംഘത്തിന്റെ മേധാവി. ഐടി, ധനകാര്യ വിദഗ്ദ്ധരും റവന്യു വകുപ്പിലെ ഓഡിറ്റിംഗിൽ വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. 2018ലെയും 2019ലെയും ദുരിതാശ്വാസ ഫണ്ട് വിതരണം സംബന്ധിച്ച് കളക്ടറേറ്റിലെ മുഴുവൻ ഫയലുകളും പരിശോധനക്ക് വിധേയമാക്കും. ഇവരുടെ സഹായത്തിനു ആവശ്യമായ ജീവനക്കാരെ വിട്ടുകൊടുക്കാൻ കളക്ടറോടു നിർദേശിച്ചിട്ടുണ്ട്.

പരിശോധന പൂർത്തിയാക്കാൻ ആഴ്ചകളെടുക്കുമെന്നതിനാൽ അന്വേഷണസംഘത്തിനു പ്രവർത്തിക്കാൻ കളക്ടറേറ്റിൽ പ്രത്യേകവിഭാഗം തന്നെ തുറന്നേക്കും.

സർക്കാർ ഫണ്ടിൽനിന്നു സമീപകാലത്തെ ഏറ്റവും വലിയ വെട്ടിപ്പാണ് കളക്ടറേറ്റിൽ നടന്നതെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നുമായി ഒരുകോടി രൂപയെങ്കിലും അപഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. കളക്ടറേറ്റിലെ ആഭ്യന്തര അന്വേഷണവിഭാഗം നൽകിയ റിപ്പോർട്ടിൽ ഗുരുതരവീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. ലാൻഡ് റവന്യു കമ്മിഷണർക്ക് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിലും നഷ്ടം വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി വകുപ്പുതല അന്വേഷണവും പൂർത്തിയാക്കാനാണ് നിർദേശം.