നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ പ്രത്യേക സർവീസ് നടത്തും. വിവിധ രാജ്യങ്ങളിൽ നിന്നായി ഇന്ന് 1500 പ്രവാസികൾ കൊച്ചിയിലെത്തും.

ലണ്ടനിൽ നിന്ന് ഖത്തർ എയർവേസിന്റെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ 1.45ന് ദോഹ വഴി കൊച്ചിയിലെത്തും. 280 യാത്രക്കാരുണ്ടാകും. ഷാർജയിൽ നിന്നുള്ള ഇൻഡിഗോ പ്രത്യേക വിമാനം 180 യാത്രക്കാരുമായി വെെകിട്ട് മൂന്നിനും ദുബായിയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം 350 യാത്രക്കാരുമായി വൈകിട്ട് അഞ്ചിനും കൊച്ചിയിലെത്തും.

ജിദ്ദയിൽ നിന്നും എയർ ഇന്ത്യ വിമാനം 350 യാത്രക്കാരുമായി വൈകിട്ട് 6.50നും ഗൾഫ് എയർ വിമാനം 162 യാത്രക്കാരുമായി രാത്രി 10.50നും സലാലയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 177 യാത്രക്കാരുമായി വൈകിട്ട് 7.45നും കൊച്ചിയിലെത്തും.

അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഇന്നലെ 178 യാത്രക്കാർ കൊച്ചിയിലെത്തി. ആഭ്യന്തര മേഖലയിൽ തിങ്കളാഴ്ച്ച 1381 വരുകയും 1061 പേർ പുറപ്പെടുകയും ചെയ്തു. ഡൽഹിയിലേക്കുള്ള ഒരു സർവീസ് റദ്ദാക്കി.