മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിലെ അശാസ്ത്രീയമായ സർവീസ് മൂലം യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് പ്രധാനമായും എറണാകുളത്തേക്കും കലൂർക്കുമാണ് സർവീസ് നടത്തുന്നത്. എറണാകുളത്തേക്ക് ഫാസ്റ്റ് പാസഞ്ചറും വെെറ്റിലക്കും കലൂർക്കും ഓർഡിനറിബസുമാണ് സർവീസ് നടത്തുന്നത്. എന്നാൽ ആലോചനയോ നിലവിലെ ട്രാഫിക് ബ്ലോക്കോ കണക്കിലെടുക്കാതെയുള്ള സർവീസ് പരിഷ്കരണം മൂലം പെരുവഴിയിലായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
കോലഞ്ചേരി, തിരുവാങ്കുളം, തൃപ്പൂണിത്തുറ വഴി വെെറ്റില ഹബ് വരെ പോകുന്നതും പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട് വഴി കലൂർ വരെ പോകുന്നതുമായ ഓർഡിനറി ബസുകളെല്ലാം എറണാകുളം ജെട്ടിസ്റ്റാൻഡുവരെ പോകണമെന്നാണ് പുതിയ നിർദേശം. ഇതാണ് യാത്രക്കാരെ വട്ടംകറക്കുന്നത്. വെെറ്റിലയിൽ നിന്ന് ഗതാഗതക്കുരുക്കിൽപ്പെട്ട് ജെട്ടിയിലെത്തുവാൻ ഏറെ സമയമെടുക്കും. അതുപോലെ കലൂരിൽ നിന്ന് കുരുക്കിൽപ്പെട്ട് ജെട്ടിയിലെത്തുവാനും സമയമെടുക്കും. എറണാകുളം സിറ്റിയിൽ ധാരാളം ഓർഡിനറി ബസുകൾ സർവീസ് നടത്തുമ്പോഴാണ് യാത്രക്കാരെ വലക്കാൻ മൂവാറ്റുപുഴയിൽ നിന്നുള്ള ബസുകളുടെ ദൂരപരിധി നീട്ടിയതെന്നാണ് ആക്ഷേപം. പരിമിതമായ സർവീസാണ് മൂവാറ്റുപുഴയിൽ ഡിപ്പോയിൽ നിന്ന് ആരംഭിച്ചിട്ടുള്ളത്. ദൂരപരിധി നീട്ടിയപ്പോൾ കളക്ഷൻ കുറഞ്ഞതായി ജീവനക്കാരും പറയുന്നു.
സ്വകാര്യ ബസുകൾ കുത്തകയാക്കിവെച്ചിരിക്കുന്ന ഗ്രാമ പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തണമെന്ന് ആവശ്യപ്പെടുമ്പോൾ അവഗണിക്കുന്നവരാണ് കൊവിഡ് കാലത്ത് യാത്രക്കാർക്ക് ദുരിതം വിതക്കുന്ന പരിഷ്കരണവുമായി രംഗത്തുവരുന്നത്.
അശാസ്ത്രീയമായ സർവീസ് പരിഷ്കരണം പിൻവലിച്ച് വെെറ്റിലവരെയും കലൂർവരെയുമുള്ള സർവീസ് പുന:സ്ഥാപിക്കുവാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.