online-classes

കൊച്ചി : സംസ്ഥാനത്ത് ഒാൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തത് ഇനി 42,412 കുട്ടികൾക്കു മാത്രമാണെന്നും, ഇവർക്ക് സൗകര്യമൊരുക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

എല്ലാ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കും വരെ ഒാൺലൈൻ ക്ളാസ് നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനി സി.സി. ഗിരിജ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം.

ജൂൺ 14 മുതൽ ഒൗദ്യോഗികമായി ക്ളാസ് തുടങ്ങും മുമ്പ് സൗകര്യങ്ങളൊരുക്കാൻ തീവ്രശ്രമങ്ങൾ തുടരുകയാണെന്നും പൊതുവിദ്യാഭ്യാസ അഡി. ഡയറക്ടർ സി.എ. സന്തോഷ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.

സർക്കാരിന്റെ വിശദീകരണം

 എല്ലാവർക്കും ഒാൺലൈൻ സൗകര്യം ഉറപ്പാക്കാൻ പ്രധാനാദ്ധ്യാപകർക്ക് നിർദ്ദേശം നൽകി.

 വിക്ടേഴ്സ് ചാനൽ, യൂ ട്യൂബ് ലിങ്ക്, ഫേസ് ബുക്ക് എന്നിവയിലും ലഭ്യമാണ്.

 യൂ ട്യൂബിൽ എപ്പോഴും ക്ളാസുകൾ കാണാം.

 ജൂൺ എട്ടു മുതൽ 14 വരെ ആദ്യ ക്ളാസുകളുടെ പുന:സംപ്രേഷണമുണ്ട്.

 കൃത്യമായ ഏകോപനവും, നിരീക്ഷണവും ,വിലയിരുത്തലും .

 ഒാൺലൈൻ സൗകര്യങ്ങളൊരുക്കാൻ വിവിധ സംഘടനകളും ജനപ്രതിനിധികളുമടക്കം മുന്നോട്ടു വരുന്നു.

ഒാൺലൈൻ സൗകര്യം:

 ആകെ വിദ്യാർത്ഥികൾ : 41.3 ലക്ഷം

 ഒാൺലൈൻ സൗകര്യമില്ലാതിരുന്നവർ : 2.61 ലക്ഷം

(മേയ് പത്തിലെ കണക്ക് പ്രകാരം)

 ജൂൺ ഒന്നിലെ കണക്ക് പ്രകാരം : 1.15 ലക്ഷം

 ജൂൺ എട്ടിലെ കണക്ക് പ്രകാരം : 42,412