മൂവാറ്റുപുഴ: സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനം ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടാബ് ലറ്റ് ചലഞ്ചുമായി എൽദോ എബ്രഹാം എം.എൽ.എ രംഗത്ത്. എം.എൽ.എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിപ്രകാരം നിർദ്ധനരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനമൊരുങ്ങുന്നതിന് ടാബ് ലറ്റുകൾ എത്തിച്ച് നൽകുന്നതാണ് പദ്ധതി. വിവിധ രാഷ്ട്രീയസാമൂഹിക സന്നദ്ധ സംഘടനകൾ, സഹകരണ ബാങ്കുകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡന്റ്മാർ, ജനപ്രതിനിധികൾ, എ.ഇ.ഒ, ബി.പി.ഒ, പഞ്ചായത്തിലെ ഹെഡ്മാസ്റ്റർമാർ എന്നിവരുടെ യോഗങ്ങൾ നടന്ന് വരികയാണ്.മൂവാറ്റുപുഴ നഗരസഭയിലും 11 പഞ്ചായത്തുകളിലുമായി നടപ്പിലാക്കുന്ന ടാബ് ചലഞ്ച് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, ആരക്കുഴ, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും യോഗം പൂർത്തിയായി. അടുത്ത ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലെ യോഗങ്ങളും പൂർത്തിയാക്കി പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതിക്കായി എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകിയാൽ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

#ഓൺലൈൻ സൗകര്യമില്ലാത്ത 400ഓളം വിദ്യാർത്ഥികൾ

ഓൺലൈൻ സൗകര്യമില്ലാത്ത അതാത് പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ സ്കൂൾ ഹെഡ്മാസ്റ്റർമാരാണ് കണ്ടെത്തുന്നത്. ഇവർ നിർദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് പദ്ധതി പ്രകാരം ടാബ് എത്തിച്ച് നൽകും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ 400ഓളം വിദ്യാർത്ഥികളാണ് ഓൺലൈൻ സൗകര്യമില്ലാത്തത്.