മുവാറ്റുപുഴ : സഹോദരിയുടെ കാമുകനായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി കറുകടം ഞാഞ്ഞുൽ കോളനി കടിഞ്ഞോലിൽ ബേസിൽ എൽദോസിനെ (20) കോടതി റിമാൻഡ് ചെയ്തു. തുടർന്ന് കറുകുറ്റി ഐസൊലേഷൻ സെന്ററിലേക്ക് മാറ്റി. ബേസിൽ എൽദോസിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം വന്നതിനുശേഷം
രോഗബാധയില്ലെങ്കിൽ സബ് ജയിലിലേക്ക് അയയ്ക്കും.
ബേസിലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായ പതിനേഴുകാരനെ ജാമ്യത്തിൽ വിട്ടയച്ചു. ഒരു മാസത്തിനു ശേഷം കാക്കനാട് ജുവനൈൽ ഹോമിൽ കൗൺസലിംഗിന് ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
അക്രമത്തിൽ പരിക്കേറ്റ പണ്ടിരിമല തടിലകുടിപാറയിൽ അഖിൽ ശിവൻ (19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവശേഷം ബേസിൽ ഒളിവിൽ പോയിരുന്ന സ്ഥലങ്ങളിൽ ഇന്നലെ ഉച്ചയോടെ പൊലീസ് തെളിവെടുപ്പ് നടത്തി. കറുകടത്തെ കന്നാരത്തോട്ടത്തിലും തുടർന്ന് വാരപ്പെട്ടിയിൽ ബേസിൽ താമസിക്കുന്ന വാടകവീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച മാരകായുധങ്ങൾ കന്നാരത്തോട്ടത്തിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനിലായിരുന്നു സംഭവം. മെഡിക്കൽ സ്റ്റോറിൽ നിന്ന് മാസ്‌കുവാങ്ങി തിരികെയിറങ്ങിയ അഖിലിനെ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ബേസിൽ എൽദോസ് വെട്ടിവീഴ്ത്തുകയായിരുന്നു. ബേസിലിന്റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്.