vishnu-prasad
വിഷ്ണുപ്രസാദിനെ തെളിവെടുപ്പിന് ശേഷം കൊണ്ടുപോകുന്നു

തൃക്കാക്കര : താത്കാലിക രസീത് ഉപയോഗിച്ച് പണം തട്ടിയ കേസിൽ കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദിനെ കുടുതൽ അന്വേഷണങ്ങൾക്കായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. മൂന്ന് ദിവസത്തേക്കാണ് തൃശൂർ വിജിലൻസ് കോടതി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ പൂർത്തീകരിച്ചത്.

ടി.ആർ. 5 രസീതിന്‌ പകരമായി വിഷ്ണുപ്രസാദ് തയ്യാറാക്കിയ താത്കാലിക രസീത് ഉപയോഗിച്ചും കമ്പ്യൂട്ടറിൽ അനർഹരുടെ പേര് തിരുത്തി സ്വന്തം അക്കൗണ്ടിലേക്ക് 89,57,302 ലക്ഷം രൂപ തട്ടിയെടുത്തതായി കളക്ടർ നിയോഗിച്ച വകുപ്പുതല അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്മേൽ എ.ഡി.എം. കെ. ചന്ദ്രശേഖരൻ നായർ തൃക്കാക്കര പൊലീസിന് നൽകിയ പരാതിയിൽ വിഷ്ണുപ്രസാദിനെ തിങ്കളാഴ്ച ഉച്ചയോടെ അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു. ഇന്നലെ രാവിലെ കാക്കനാട് മാവേലിപുരത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് എ.സി.പി ബിജിൽ ജോർജ്, മെട്രോ സ്റ്റേഷൻ ഇൻസ്പെക്ടർ അനന്തലാൽ, തൃക്കാക്കര സി.ഐ ഷാബു, എസ് .ഐ റോയ് കെ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

വിഷ്ണുവിന്റെയും ഭാര്യയുടെയും ചില പണമിടപാടുകളുടെ അടക്കമുളള ചിലരേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പ്രളയബാധിതരുടെ പേര് തിരുത്തി സ്വന്തം പേരിലും കളക്ടറേറ്റിലെ വനിതാ ജീവനക്കാരി ഉൾപ്പെടെ രണ്ട് താത്കാലിക ജീവനക്കാരുടെ പേരുകളും ഉൾപ്പെടുത്തി അക്കൗണ്ടിലേക്കും പണം കൈമാറി. പ്രളയബാധിതരുടെ ലിസ്റ്റിലും വിഷ്ണുപ്രസാദ് ക്രമക്കേട് കാട്ടിയതായി അന്വേഷണസംഘം കണ്ടെത്തി. ഇന്ന് രാവിലെ വിഷ്ണുപ്രസാദിനെ കളക്ടറേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.