കൂത്താട്ടുകുളം: മുടങ്ങിക്കിടന്ന കൂത്താട്ടുകുളം കാലിച്ചന്ത പുനരാരംഭിച്ചു.ഇരുന്നൂറിലേറെ ഉരുക്കളെ വിപണനത്തിനെത്തിച്ചു. കൊവിഡ് 19 മൂലം ഉണ്ടായ ലോക്ക് ഡൗണോടുകൂടി പൂർണമായും നിലച്ച ചന്ത സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനം പുനരാരംഭിച്ചത്. നൂറ്റാണ്ടിന്റെ പഴക്കമുള്ള തിരുവിതാംകൂറിലെ പ്രധാന ചന്തയായിരുന്നു കൂത്താട്ടുകുളം.ഏതാനും മാസങ്ങൾക്ക് മുമ്പ് ഇടനിലക്കാരും തൊഴിലാളികളും തമ്മിലുണ്ടായ പ്രശ്നങ്ങൾ ചന്തയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.എന്നാൽ നഗരസഭയും സി.പി.ഐ.എം നേതൃത്വവും കച്ചവടക്കാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചതിന്റെ ഫലമായാണ് കാലിച്ചന്ത പുനരാരംഭിക്കാനായത്.ആലപ്പുഴ, പെരുമ്പാവൂർ, എറണാകുളം, മൂവാറ്റുപുഴ, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള കച്ചവടക്കാർ ചന്തക്ക് എത്തിയിരുന്നു. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 3 മുതൽ കന്നുകാലി ചന്ത പ്രവർത്തിക്കും. പച്ചക്കറി, മീൻ മാർക്കറ്റ് ബുധനാഴ്ചകളിൽ രാവിലെ മുതലും പ്രവർത്തിക്കും.സി.പി.ഐ.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ലോക്കൽ സെക്രട്ടറി എം.ആർ.സുരേന്ദ്രനാഥ്, നഗരസഭ ആരോഗ്യ സമിതിഅദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ഫെബിഷ് ജോർജ്, എം.എം അശോകൻ, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ബസന്ത് മാത്യു, സിപിഐ ലോക്കൽ സെക്രട്ടറി എ.കെ. ദേവദാസ് .തുടങ്ങിയവർ ചന്ത സന്ദർശിച്ചു.