കൊച്ചി: ദേവനൊരു കിഴി സമർപ്പണം എന്ന ആശയത്തോടെ എറണാകുളത്ത് തിരുമല ദേവസ്വം ക്ഷേത്രത്തിൽ ക്ഷേത്ര ഭദ്രതാപദ്ധതിക്ക് തുടക്കംകുറിച്ചു. അദ്ധ്യാത്മിക സാമൂഹിക പരിഷ്‌കർത്താവും താന്ത്രികാചാര്യനും കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സ്ഥാപക ആചാര്യനുമായ പി. മാധവിന്റെ 94 ാം ജന്മദിനത്തിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.
കൊറോണ കാലഘട്ടത്തിൽ നിത്യനിദാന ചടങ്ങുകൾക്ക് ബുദ്ധിമുട്ടുന്ന പതിനായിരം ക്ഷേത്രങ്ങളെ പരിരക്ഷിക്കുകയാണ് ലക്ഷ്യം. ക്ഷേത്രങ്ങൾക്ക് പൂജാദ്രവ്യങ്ങൾ ഉൾപ്പെടെ സാമ്പത്തിക സഹായങ്ങളും കൈമാറും. എറണാകുളം തിരുമല ദേവസ്വത്തിൽ പഞ്ചാബ്‌ജ പുരേശ്വര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മാനേജിംഗ് അധികാരികളായ പി. രംഗദാസപ്രഭു, കെ.ജെ. രാധാകൃഷ്ണ കമ്മത്ത്, അഡ്വ.ആർ. രാമനാരായണ പ്രഭു, ടി.ജി. രാജാറാം ഷേണായ്, പി.എസ്. ജയപ്രകാശ് പ്രഭു എന്നിവർ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ കണയന്നൂർ താലൂക്ക് അദ്ധ്യക്ഷൻ എ.പി. ജയശങ്കറിന് പൂജാദ്രവ്യങ്ങൾ കൈമാറി. സി.ജി. രാജഗോപാൽ, വി. വിനോദ് കമ്മത്ത്, രാജേഷ് വി. പ്രഭു, ആർ. വിശ്വനാഥ കമ്മത്ത്, ആർ. രത്‌നാകര ഷേണായ്, എസ്. സായിബാബ പ്രഭു എന്നിവർ പങ്കെടുത്തു.