കൊച്ചി: പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ബാങ്ക് ജീവനക്കാർക്ക് കൊവിഡ് പരിശോധന നിബന്ധമാക്കണമെന്ന് യുണൈറ്റൈഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻ സംസ്ഥാന കൺവീനർ സി.ഡി. ജോസൺ പറഞ്ഞു. ഇതിനാവശ്യമായ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലോക്ക് ഡൗൺ പിൻവലിക്കുന്ന നടപടികൾക്ക് തുടക്കമായതോടെ ബാങ്കുകളിൽ തിരക്ക് വർദ്ധിക്കുകയാണ്. ഇതിനനുസൃതമായി ബാങ്ക് ജീവനക്കാരുടെ ആരോഗ്യസുരക്ഷയിലും ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചകളിൽ ഒഴിവുനൽകിയ മാതൃകയിൽ ബാങ്കുകളുടെ പ്രവൃത്തിദിവസവും ക്രമീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.