കൊച്ചി : മഴക്കാലത്തിന് മുമ്പ് പുതിയ വീട്ടിലേക്ക് മാറാമെന്ന പ്രതീക്ഷയിലായിരുന്നു വൃദ്ധ ദമ്പതികളായ മേരിയും ആന്റണിയും. എന്നാൽ പുതുവർഷത്തിന് പോലും വീടുതാമസം നടക്കുമോയെന്ന സംശയത്തിലാണ് ഇവർ ഇപ്പോൾ.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (പി.വൈ.എം.എ )യുടെ ഭാഗമായി കൊച്ചി കോർപ്പറേഷനാണ് ഭവന നിർമ്മാണത്തിനുള്ള പണം ഗഡുക്കളായി നൽകുന്നത്. വീടിന്റെ വാർക്കൽ കഴിഞ്ഞു. ബാക്കി പണി നടത്തണമെങ്കിൽ കോർപ്പറേഷനിൽ നിന്ന് അടുത്ത വിഹിതം ലഭിക്കണം.
ഫോർട്ടുകൊച്ചി നസ്രത്ത് ജനത റോഡിൽ ബാങ്ക് ക്വാർട്ടേഴ്സിന് പിന്നിൽ ഒന്നര സെന്റു സ്ഥലത്താണ് പുതിയ വീടു പണിയുന്നത്. വാടകയ്ക്ക് താമസിക്കാൻ നിവൃത്തിയില്ലാത്ത ഇവർ കോർപ്പറേഷന്റെ ഒഴിഞ്ഞു കിടക്കുന്ന ഷെഡിലാണ് ഇപ്പോൾ വാസം.
ലോക്ക് ഡൗണിന് മുമ്പ് അപേക്ഷ നൽകിയ 450 ഗുണഭോക്താക്കൾക്കായി ആറു കോടി രൂപയാണ് കോർപ്പറേഷൻ നൽകാനുള്ളത്.
# വിഹിതം ഗഡുക്കളായി
സ്വന്തമായി ഭൂമിയുള്ളവർക്കാണ് പദ്ധതി. 320 -640 ചതുരശ്ര വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാം. ഗഡുക്കളായി 4 ലക്ഷം രൂപ അനുവദിക്കും. തൊഴിലുറപ്പ് വിഹിതമായി 25000 രൂപയും ലഭിക്കും
# പണി പുരോഗമിക്കുന്നു
2016 ൽ തുടക്കമിട്ട പി. വൈ.എം.എ പദ്ധതിയുടെ കീഴിൽ 8266 അപേക്ഷകൾ ലഭിച്ചു. 4286 വീടുകളുടെ നിർമ്മാണം ആരംഭിച്ചു.
1987 വീടുകൾ പൂർത്തിയായി
# ധനവിതരണം ഉടൻ
ഗുണഭോക്താക്കൾക്ക് കോർപ്പറേഷൻ വിഹിതമായ അടുത്ത ഗഡു നൽകാനായി 34 കോടി രൂപ യൂണിയൻ ബാങ്കിൽ നിന്നും വായ്പ എടുക്കും. നടപടികൾ അവസാനഘട്ടത്തിലാണ്. ലോൺ ലഭിക്കണമെങ്കിൽ 3.5കോടി രൂപ ഡെപ്പോസിറ്റായി നൽകണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതമായ 46 കോടി ലഭിക്കാനുണ്ട്. ഇതിൽ അഞ്ചു കോടി കഴിഞ്ഞ ദിവസം ലഭിച്ചത് ആശ്വാസമായി. ഹഡ്കോയിൽ നിന്ന് 13 കോടി കൂടി ലഭിക്കും. യൂണിയൻ ബാങ്ക് ഡെപ്പോസിറ്റിനായി ഇതിൽ നിന്ന് 3.5കോടി എടുക്കും. ഏപ്രിൽ വരെയുള്ള കുടിശിക ഉടൻ വിതരണം ചെയ്യും.
കെ.ആർ.പ്രേമകുമാർ
ഡെപ്യൂട്ടി മേയർ
# ഏറ്റവും കൂടുതൽ അപേക്ഷകർ
പശ്ചിമകൊച്ചിയിൽ
ഏറ്റവും അപേക്ഷകരുള്ളത് പശ്ചിമകൊച്ചിയിലാണ്. ഒന്നര,രണ്ടു സെന്റു സ്ഥലത്ത് താമസിക്കുന്നവരാണ് അധികവും. വീടുപണിക്കായി വാടക വീട്ടിലേക്ക് മാറിയവരുടെ കാര്യം കഷ്ടത്തിലാണ് . ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടതിനാൽ വാടക കൊടുക്കാൻ നിർവാഹമില്ലാതായി. പണി തീരാത്ത വീടിന് സമീപം ഷെഡ് കെട്ടി താമസിക്കുന്നവരുണ്ട്.
കെ.ജെ.ആന്റണി
പ്രതിപക്ഷ നേതാവ്