കൊച്ചി: സ്മാർട്ട് ഫോണുകളുടെ വരവിന് മുൻപ് മൊബൈല്‍ ഫോണ്‍ വിപണി അടക്കി ഭരിച്ചിരുന്നത് നോക്കിയ ആയിരുന്നു. സാംസങിന്റെയും, ഷവോമിയുടെയും, ഒപ്പോയുടെയും, വിവോയുടെയും വരവിന് മുന്‍പ് നോക്കിയ ആയിരുന്നു ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം മൊബൈല്‍ ഫോണിന്റെ അവസാനവാക്ക്. ഗെയിമിംഗ് സ്‌പെഷ്യല്‍ ആയി വന്ന നോക്കിയ എന്‍-ഗെയ്ജും കാമറ സ്‌പെഷ്യല്‍ ആയിരുന്ന നോക്കിയ എന്‍73-യുമെല്ലാം 90കളിൽ ജനിച്ചവരുടെ മൊബൈല്‍ ഫോണ്‍ സ്വപ്നങ്ങള്‍ ആയിരുന്നു.
ആന്‍ഡ്രോയിഡ്, ടച്‌ഫോണ്‍ യുഗം ആരംഭിച്ചതോടെ നോക്കിയ പുറകിലായി. രണ്ടാം വരവില്‍ നൊസ്റ്റാള്‍ജിയയുടെ കൂട്ടുപിടിച്ചു ഒരു പിടി ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യയിലെത്തിച്ചു. ഇക്കൂട്ടത്തിലേക്ക് അധികം താമസമില്ലാതെ നോക്കിയ 5310-യും എത്തും. നോക്കിയ 5310 ഉടന്‍ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് വ്യക്തമാക്കി നോക്കിയ ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ ടീസര്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.'ഉടന്‍ വില്പനയ്ക്ക് തിരിച്ചെത്തും' എന്നാണ് ടീസറിലെ വാചകങ്ങള്‍. ലോഞ്ച് ദിവസം വ്യക്തമാക്കിയിട്ടില്ല.
ടോണ്‍ നിറങ്ങള്‍, വശങ്ങളില്‍ തന്നെ ശബ്ദസംവിധാനങ്ങള്‍ക്കുള്ള ബട്ടണുകള്‍, സ്പീക്കറുകള്‍ എന്നിവ ചേര്‍ന്നതാണ് പുത്തന്‍ 5310. 1,200mAh റിമൂവബിള്‍ ബാറ്ററിയുള്ള പുത്തന്‍ നോക്കിയ 5310-യ്ക്ക് 30 ദിവസത്തെ ബാറ്ററി ബാക്കപ്പുണ്ട് (സ്റ്റാന്‍ഡ് ബൈ) എന്നാണ് വിവരം. വൈറ്റ്/റെഡ്, ബ്ലാക്ക്/റെഡ് എന്നിങ്ങനെ രണ്ട് കളര്‍ കോമ്പിനേഷനിലാണ് നോക്കിയ 5310 വില്പനക്കെത്തുക.
ഡ്യുവല്‍ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകളും കീപാഡുമുള്ള 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് നോക്കിയയുടെ ഫീച്ചര്‍ ഫോണിന്. 8 എംബി റാമുമായി ബന്ധിപ്പിച്ച മീഡിയടെക് MT6260A SoC പ്രോസസ്സര്‍. 16 എംബിയുടെ ഇന്റെര്‍നല്‍ സ്റ്റോറേജ് ആണ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് കപ്പാസിറ്റി 32 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ഡ്യുവല്‍ സിം, സിംഗിള്‍ സിം ഓപ്ഷനുകളിലാണ് ഫോണ്‍ വില്പനക്കെത്തുക.ഫീച്ചര്‍ ഫോണ്‍ ആണെങ്കിലും വിജിഎ ക്യാമറയും പിന്നില്‍ ഫ്‌ളാഷും നോക്കിയ 5310-യിലുണ്ടാകും. MP3 പ്ലെയര്‍, എഫ്എം റേഡിയോ, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് വി 3, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നീ ഫീച്ചറുകളും പുത്തന്‍ നോക്കിയ 5310-യില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.