കോലഞ്ചേരി: അപകട പരമ്പരയൊരുക്കുന്ന എം.സി റോഡ് മണ്ണൂരിലെ അന്നപൂർണ ജംഗ്ഷനിലും കിഴക്കെ കവലയിലും സിഗ്നൽ സംവിധാനം ഒരുക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച് കേരളകൗമുദി നൽകിയ വാർത്തയെത്തുടർന്ന് സി.പി.എം ജില്ലാ നേതൃത്വം പൊതുമരാമത്ത് മന്ത്രിയുടെ മുന്നിൽ പ്രശ്‌നം അവതരിപ്പിക്കുകയായിരുന്നു. മന്ത്രി മൂവാറ്റുപുഴ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. അധികൃതർ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. വൈകാതെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും.
#അപകടകാരണം റോഡിലെ വളവ്
മൂവാറ്റുപുഴ ഭാഗത്തുനിന്നും പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എം.സി റോഡിലേയ്ക്ക് കടക്കുന്ന വാഹനങ്ങളെ വളവിലെത്തുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതെ വരുന്നതാണ് അപകടങ്ങളുണ്ടാക്കുന്നത്. വളവുതിരിഞ്ഞ് വരുമ്പോഴാകും വാഹനങ്ങൾ ശ്രദ്ധയിൽപെടുന്നത്. പെട്ടെന്നുള്ള ബ്രേക്കിടലും വാഹനം വെട്ടിച്ചുമാറ്റാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുന്നു. ഈ റോഡിലെ അപകടകരമായ വളവുകളെക്കുറിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്. നേരത്തെ കുന്നത്തുനാട് പൊലീസ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എം.സി റോഡിലേയ്ക്ക് കടക്കാനും എം.സി റോഡിൽ നിന്ന് കടക്കാനുമായി രണ്ട് ജംഗ്ഷനിലുമായി വൺവേ സംവിധാനം ഏർപ്പെടുത്തി റോഡിൽ ട്രാഫിക് കോണുകൾ സ്ഥാപിച്ചെങ്കിലും രാത്രിയുടെ മറവിൽ അവ നശിപ്പിച്ചിരുന്നു.
#അന്നപൂർണ ജംഗ്ഷനിൽ കാഴ്ച മറയ്ക്കുന്ന വളവ്
ഇവിടുത്തെ കാഴ്ച മറയ്ക്കുന്ന വളവുകളാണ് അപകടങ്ങൾക്കിടയാക്കുന്നത്.ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കിയതാണ് എം.സി റോഡ്. എന്നാൽ നിർമ്മാണകാലത്തു തന്നെ അപകടകരമായ വളവുകളാണ് റോഡിൽ നിരവധി ജീവനുകൾ പൊലിയുന്നതിനു കാരണമാകുന്നത്. അതിലൊന്നാണ് അന്നപൂർണ ജംഗ്ഷനിലേത്. നെല്ലാട് നിന്നുള്ള റോഡ് വന്നുകയറുന്ന എം.സി റോഡിലെ ജംഗ്ഷനാണിത്. സമാനമായ രീതിയിലാണ് കിഴക്കെകവലയിലും . എം.സി റോഡിൽ നിന്നും വെങ്ങോല,പോഞ്ഞാശേരി റോഡിലേയ്ക്ക് കയറുന്ന ജംഗ്ഷനാണിത്. രണ്ടിടത്തും കാഴ്ച മറയ്ക്കുന്ന വളവുകളാണ്.