കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്തു നടത്തിയ കേസിൽ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന ബിജുമോഹനനെ മോചിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 2019 ഡിസംബർ മുതൽ ബിജു കരുതൽ തടങ്കലിലാണെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ ജയൻ നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ വിധി.
തിരുവനന്തപുരം എയർപോർട്ട് വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ സുനിൽകുമാർ, സെറീന ഷാജി എന്നിവരെ കഴിഞ്ഞവർഷം മേയ് 13 നാണ് അറസ്റ്റുചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ബിജുമോഹനന് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി അറസ്റ്റുചെയ്തു. ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ബിജുമോഹനൻ ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളക്കടത്ത് തടയൽ നിയമപ്രകാരം (കോഫെപോസ) കുറ്റം ചുമത്തി കരുതൽ തടങ്കലിലാക്കുകയായിരുന്നു. ഇതിനെതിരെയുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മറ്റു കേസുകളിൽ ഇയാളുടെ കസ്റ്റഡി ആവശ്യമില്ലെങ്കിൽ മോചിപ്പിക്കണമെന്നാണ് നിർദ്ദേശം.