കൊച്ചി : മദ്യവില്പന പൊടിപൊടിച്ചതോടെ സംസ്ഥാനത്ത് അക്രമങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.കോട്ടയം തൃക്കൊടിത്താനത്ത് മകൻ മദ്യലഹരിയിൽ അമ്മയെ കഴുത്തറുത്ത് കൊന്നത് മുതൽ തിരുവനന്തപുരത്ത് യുവതിക്ക് മദ്യം നൽകി ഭർത്താവും സുഹൃത്തുകളും ചേർന്ന് മാനഭംഗപ്പെടുത്തിയത് വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ. ദീർഘനാൾ വിട്ടുനിന്ന ശേഷം പുനരാരംഭിക്കുന്ന മദ്യപാനം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിച്ച് സ്വഭാവത്തിലും പെരുമാറ്റ രീതിയിലും മാറ്റം ഉണ്ടാക്കുമെന്നും അതാണ് അക്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്നും
മനോരോഗ വിദഗ്ദ്ധർ പറയുന്നു. ലോക്ക് ഡൗൺ കാലം അക്രമണങ്ങൾക്കും മോഷണങ്ങൾക്കും പറ്രിയ സമയമായി കാണുന്നവരുമുണ്ട്.കൊല്ലത്ത് ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതും, കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊല്ലുകയും ഭർത്താവിനെ മാരകമായി പരിക്കേൽപ്പിച്ച സംഭവവുമെല്ലാം ഉദാഹരണമാണ്. കൊവിഡ് കാലത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് വിശദമായ അന്വേഷണം നടക്കില്ലെന്ന തെറ്റിദ്ധാരണയാകാം ഈ ആസൂത്രിത അക്രമങ്ങൾക്ക് പിന്നിൽ.
# വീടുകളിലെ അക്രമങ്ങൾ ഒഴിവാക്കാൻ
പെട്ടെന്ന് തന്നെ പഴയ അളവിൽ മദ്യപിക്കാതിരിക്കുക
വീട്ടിൽ ഇരുന്ന് അമിത മദ്യപാനം പാടില്ല
കുട്ടികളുടെ മുന്നിലിരുന്ന് മദ്യപിക്കാതിരിക്കുക
'' നേട്ടങ്ങൾ കൊയ്യുക എന്നതാണ് ശരാശരി മനുഷ്യന്റെ അടിസ്ഥാന സ്വഭാവം. ഈ സ്വഭാവവും ചിന്താഗതിയും മാറാത്തിടത്തോളം മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ ഇനിയും ഉണ്ടാകും. ശിക്ഷാനടപടികൾക്കൊപ്പം അവർക്ക് മാനസിക ചികിത്സയും നൽകണം
ഡോ.എസ്.ഡി സിംഗ്
മനോരോഗ വിദഗ്ദ്ധൻ
'' മദ്യ വിതരണം ആരംഭിച്ചെങ്കിലും സാധാരണക്കാരിൽ വരുമാന മാർഗം അടഞ്ഞുകിടക്കുകയാണ്. മദ്യം വാങ്ങാൻ പണം ഇല്ലാതായത് മോഷ്ടിക്കാനും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രേരണ സൃഷ്ടിക്കും. നിയമപാലകരും ജനങ്ങളും ഇതിനെതിരെ ജാഗ്രത പാലിക്കുകയും മുൻകരുതൽ എടുക്കുകയും വേണം.''
ഡോ.സി.ജെ. ജോൺ
മനോരോഗ വിദഗ്ദ്ധൻ