കൊച്ചി : തനിക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ടോമിൻ. ജെ. തച്ചങ്കരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രത്യേക അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ അഭിഭാഷകന്റെ എതിർപ്പിനെ തുടർന്ന് സ്റ്റേ അനുവദിച്ചില്ല. ഹർജി വിശദമായ വാദത്തിന് മാറ്റി. സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ കോട്ടയം വിജിലൻസ് കോടതിയുടെ പരിഗണനയിലുള്ള ഇൗ കേസിൽ നടപടികൾ തുടരാനാവും.

2003 മുതൽ 2007 വരെയുള്ള കാലയളവിൽ തച്ചങ്കരി അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. സ്വത്തു കണക്കാക്കിയതിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയെങ്കിലും പരിഗണിക്കാതെയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്നും തന്റെ വിശദീകരണം മന:പൂർവം ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു.