കൊച്ചി : എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സി.പി.എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം. അൻവർ, ഭാര്യയും അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ കൗലത്ത് എന്നിവരോട് പത്തു ദിവസത്തിനകം പൊലീസിന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസിൽ മൂന്നും നാലും പ്രതികളായ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം.

കൗലത്തിനെ അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തിൽ വിടണം. അന്വേഷണ ഉദ്യോഗസ്ഥ ആവശ്യപ്പെടുമ്പോൾ കൗലത്ത് ഹാജരാകണം. തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. എം.എം. അൻവറിനെ ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ നൽകിയാൽ അന്നു തന്നെ പരിഗണിച്ച് തീരുമാനമെടുക്കണെമന്നും വിധിയിൽ പറയുന്നു.

എറണാകുളം കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദും മഹേഷുമാണ് കേസിലെ മുഖ്യ പ്രതികൾ. ഇവർ അൻവറിന്റെയും ഭാര്യയുടെയും പേരിൽ അയ്യനാട് സർവീസ് സഹകരണ ബാങ്കിലുള്ള ജോയിന്റ് അക്കൗണ്ട് മുഖേനയാണ് പണം മാറിയെടുത്തത്.