മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിലെ പുഴയോര സംരക്ഷണത്തിനു വേണ്ടിയുള്ള പദ്ധതിക്ക് തുടക്കം . ബ്ലോക്ക് പഞ്ചായത്ത് അഞ്ചൽപ്പെട്ടി ഡിവിഷനിൽ കാളിയാർ പുഴയ്ക്ക് ഇരുവശങ്ങളിലുമായി ഇല്ലിത്തൈ നട്ട് പിടിപ്പിക്കുകയാണ്. ഇല്ലിത്തൈ വളർന്ന് വരുമ്പോൾ ഇല്ലിയുടെ വേരുകൾ പുഴയുടെ തീരത്ത് പടർന്ന് വളരുകയും ഇതിലൂടെ പുഴയുടെ വശങ്ങൾ സംരക്ഷിക്കുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ ഇല്ലികഴകൾ ഉപയോഗിച്ച് കരകൗശല ഉല്പന്നങ്ങൾ ഉണ്ടാക്കുവാനും കഴിയും. പുഴയുടെ ഇരുവശത്തും വളർന്നുവരുന്ന ഇല്ലിയുടെ കഴകൾ ഭൂമി ഉടമസ്ഥർക്ക് വെട്ടിയെടുക്കുവാനും ബാംബൂ കോർപ്പറേഷൻ , ന്യൂസ് പ്രിന്റ് ഫാക്ടറി എന്നിവടങ്ങളിലേക്ക് വെട്ടി വില്ക്കുവാനും കഴിയുന്നതാണ് . മഞ്ഞ ഇല്ലി, പച്ചഇല്ലി, ലാത്തിഇല്ലി തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള ഇല്ലിത്തൈകളാണ് ബ്ലോക്ക് പഞ്ചായത്ത് നട്ട് പിടിപ്പിക്കുന്നത്. തൈ നടുന്നതിനും പരിപാലിക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. ആയവന പഞ്ചായത്ത് 14ാം വാർഡിലെ കാരിമറ്റത്ത് പുഴയോരത്ത് ഇല്ലിത്തൈ നട്ട് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്ട് നിർവഹിച്ചു. ആയവന പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാൻസി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്ജ്, വിൻസന്റ് ജോസഫ്, പി.എം. ഹസൈനാർ മെമ്പർമാരായ റാണി റെജി, ദീപ ജിജിമോൻ ,ഗ്രേസി സണ്ണി, കൃഷിവകുപ്പ് എ.ഡി.എ. ടാനി തോമസ്, ബ്ലോക്ക് പഞ്ചയാത്ത് സെക്രട്ടറി എം.എസ്.സഹിത , കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.