തൃപ്പൂണിത്തുറ: വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ച് തൃപ്പൂണിത്തുറ തെക്കുംഭാഗം പാവംകുളങ്ങര ബി.എസ്.ബി (ബീറ്റ്സ് ഒഫ് ബോയ്സ് ) ക്ലബ്ബ്.
തൃപ്പൂണിത്തുറ -വൈക്കം റൂട്ടിൽ തറമേക്കാവ് (കിണർ ) സ്റ്റോപ്പിലാണ് വിചിത്രമായ വെയിറ്റിംഗ് ഷെഡ്. സംഭവം ഫേസ് ബുക്കിലും മറ്റും വൈറലായിക്കഴിഞ്ഞു.
700 ലധികം കുപ്പികൾ പ്ളാസ്റ്റിക് നൂലിൽ കോർത്താണ് നിർമ്മിതി. പഴയ ടയറുകൾ ജനലുകളും ഇരിപ്പിടവുമായി. ഫൈബർ ഷീറ്റുകൾ മേൽക്കൂരയും. ചുറ്റും പൂന്തോട്ടവും നിർമ്മിക്കുന്നുണ്ട്. വാർത്താബോർഡും ഉള്ളിൽ സജ്ജീകരിച്ചു.
14,000 രൂപയോളം നിർമ്മാണത്തിനായി ചെലവു വന്നതായി ക്ലബ്ബ് പ്രസിഡണ്ട് ശ്യാംസുരേന്ദ്രനും സെക്രട്ടറി രഞ്ചിത്ത് ശശിധരനും പറഞ്ഞു. പ്രളയകാലത്തും കൊവിഡ് പടർന്ന് പിടിച്ചപ്പോഴും ക്ലബ്ബ് പ്രവർത്തകർ സേവന രംഗത്ത് സജീവമായിരുന്നു. വെയിറ്റിംഗ് ഷെഡ് ഇന്ന് രാവിലെ 11ന് നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി ജനങ്ങൾക്കായി സമർപ്പിക്കും.