കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികൾക്ക് സംരക്ഷണം കൊടുക്കുന്ന പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ ഏഴ് പ്രവർത്തകരെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ജിന്റോ ജോൺ, സനൽ അവറാച്ചൻ, വൈശാഖ് ദർശൻ, അജ്മൽ എ.എ, ദിലീപ്. ടി .നായർ, ഷെബിൻ ജോർജ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലാ ഭാരവാഹിയായ സനൽ അവറാച്ചന്റെ കൈക്ക് പൊട്ടലുണ്ട്.
ഇന്നലെ രാവിലെ 11ന് ഡി.സി.സി ഓഫീസിന് മുന്നിൽ നിന്നാണ് നൂറോളം പ്രവർത്തകർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. നഗരസഭാ കാര്യാലയത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് വി.ഡി. സതീശൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ പ്രസംഗിച്ചു. എം.എൽ.എ മാർ മടങ്ങിയ ഉടൻ പ്രവർത്തകർ ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
സർക്കാരിന്റെയും പൊലീസിന്റെയും ഒത്തുകളിയുടെ ഭാഗമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയുള്ള തട്ടിപ്പ് ആയതിനാലാണ് പ്രതികളെ പിടികൂടാത്തതെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന ഭാരവാഹികളായ ജിന്റോ ജോൺ, വൈശാഖ് ദർശൻ, ആബിദ് അലി, ജിൻഷാദ് ജിന്നാസ്, മുഹമ്മദ് റഫീഖ്, നൗഫൽ കയന്തിക്കര, ലിന്റോ പി ആന്റു, ജില്ലാ ഭാരവാഹികളായ അഷ്‌കർ പനയപ്പിള്ളി, സനൽ അവറാച്ചൻ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, രാജു.പി.നായർ തുടങ്ങിയവർ സംസാരിച്ചു.