കൊച്ചി: നാവികസേനയുടെ വിമാനവാഹിനി കപ്പലിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് മോഷ്ടിച്ച കേസിൽ കപ്പലിൽ പെയിന്റിംഗ് ജോലിക്കെത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ബീഹാറിൽ നിന്ന് എൻ.ഐ.എ അറസ്റ്റു ചെയ്തു.
കൊച്ചി കപ്പൽശാലയിൽ നിർമ്മാണം തുടരുന്ന ഐ.എൻ.എസ് വിക്രാന്തിൽ 2019 സെപ്തംബറിലാണ് മോഷണം നടന്നത്. പ്രതികളുടെ പേരുവിവരങ്ങൾ എൻ.ഐ.എ വെളിപ്പെടുത്തിയിട്ടില്ല.
കരാറുകാരന്റെ തൊഴിലാളികളാണ് ഇരുവരും. ജോലിയിൽ നിന്ന് ഒഴിവാക്കാൻ കരാറുകാരൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മോഷണം. മോഷ്ടിച്ച ഹാർഡ് ഡിസ്ക് എന്തു ചെയ്തെന്ന് വ്യക്തമായിട്ടില്ല.
കപ്പലിൽ സ്ഥാപിച്ച കമ്പ്യൂട്ടറുകൾ പരീക്ഷണത്തിനായി പ്രവർത്തിപ്പിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. 2.10 ലക്ഷം രൂപയോളം വിലമതിക്കുന്ന മൂന്നു ഹാർഡ് ഡിസ്കുകൾ, ആറ് റാമുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
കപ്പലിൽ ജോലി ചെയ്തവരുടെ വിരലടയാളം ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രാജ്യസുരക്ഷാ വിഷയമായതിനാൽ എൻ.ഐ.എ ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു.