തോപ്പുംപടി: ജല അതോറിറ്റിക്ക് കോടികളുടെ ബാദ്ധ്യത വന്നതോടെ കൊച്ചി നഗരസഭയുടെ കീഴിലുള്ള പൊതു ടാപ്പുകൾ പൂർണമായും ഒഴിവാക്കാൻ ആലോചന.
പൊതുടാപ്പുകളിൽ ജലം ഉപയോഗിച്ചതിന് മുൻവർഷങ്ങളിലെ കുടിശിക ഉൾപ്പടെ 97 കോടി രൂപയുടെ ബിൽ കഴിഞ്ഞ ദിവസം കൊച്ചി നഗരസഭക്ക് ജല അതോറിറ്റി നൽകിയിരുന്നു. തുക അടച്ചില്ലെങ്കിൽ പദ്ധതി വിഹിതത്തിൽ നിന്ന് ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായ നഗരസഭയിൽ നിന്നും പല ഘട്ടങ്ങളിലും ബിൽ തുക വിഹിതം പദ്ധതി ഇനത്തിൽ നിന്നും വകയിരുത്തിയിട്ടുണ്ട്. ഇതു മൂലം ഭൂരിഭാഗം പൊതു ടാപ്പുകൾ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ളതും ഘട്ടം ഘട്ടമായി നീക്കാനാണ് ഇപ്പോൾ ആലോചന.
പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതിയുണ്ട്. പശ്ചിമ കൊച്ചിയിൽ ടാപ്പുകളിലൂടെയുള്ള ജലവിതരണം നിശ്ചിത വേളകളിൽ മാത്രമാണ്.
............................................
നഗരപരിധിയിൽ 5900 പൊതു ടാപ്പുകൾ ഉണ്ടെന്നാണ് കണക്ക്. ടാപ്പ് ഒന്നിന് പ്രതിവർഷം 7900 രൂപയാണ് അതോറിറ്റി ഈടാക്കുന്നത്. വർഷം 4.8 കോടി രൂപ നഗരസഭ ഇതിനായി നീക്കിവെക്കണം.
.................................................
പൊതുടാപ്പുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി വാട്ടർ കണക്ഷൻ ഇല്ലാത്ത വീടുകൾക്ക് പൈപ്പ് കണക്ഷൻ നൽകുന്നതിന് നഗരസഭ ബഡ്ജറ്റിൽ തുക വകയിരുത്തിയതായി ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ അറിയിച്ചു.