കൊച്ചി: വർദ്ധിപ്പിച്ച നിരക്കിൽ സ്വകാര്യ ബസുകൾ ഓടിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും അധികം ബസുകൾ നിരത്തിലിറങ്ങിയില്ല. ഓടിയവ അധികനിരക്ക് ഈടാക്കിയില്ല.

കൊച്ചി നഗരത്തിൽ അറുപതോളം ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അൻപത് ബസുകളായിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിക്കാത്തതിനാൽ ബസുകൾ പലതും നിരത്തിലിറക്കാൻ മടിച്ചു. പഴയ നിരക്ക് ഈടാക്കാനാണ് ബസുടമകളുടെ സംഘടന നിർദ്ദേശിച്ചത്. യാത്രക്കാർ എതിർപ്പ് പ്രകടിപ്പിക്കാത്ത ചില ബസുകൾ കൂടിയ നിരക്ക് ഈടാക്കി.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ബസുകൾ ഇന്ന് നിരത്തിലിറങ്ങുമെന്നാണ് ഉടമകൾ നൽകുന്ന സൂചന. ദീർഘദൂര ബസുകൾ ഏതാനും എണ്ണം മാത്രമാണ് ഇന്നലെയും ഓടിയത്.